കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി കെ നിഷാദിന് വീണ്ടും പരോൾ. ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നിഷാദ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. ഭാര്യയുടെ അമ്മയുടെ ചികിത്സാർത്ഥം ഹൈക്കോടതിയാണ് അഞ്ച് ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചിരിക്കുന്നത്.
ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിലായിരുന്നു നിഷാദ് പിടിയിലായത്. ജയിലിൽ കിടന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ്, പയ്യന്നൂർ നഗരസഭ കൗണ്‍സിലറായി വിജയിക്കുകയും ചെയ്തു. ഡിസംബർ 26 ന് ആണ് പരോളിൽ ജാമ്യത്തിലിറങ്ങിയത്. കണ്ണൂർ സെൻട്രൽ ജയിലില്‍ കഴിയുന്നതിനിടെ, ശിക്ഷ ലഭിച്ച് വെറും ഒരു മാസത്തിനിപ്പുറം പരോൾ ലഭിച്ചതും വിവാദമായിരുന്നു. സ്വാഭാവിക നടപടിയുടെ ഭാഗമാണ് എന്നായിരുന്നു ജയില്‍ വകുപ്പിന്‍റെ വിശദീകരണം.




