കൊച്ചി: സഹപാഠികൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി പാറപ്പുറത്ത് നിന്ന് കാൽ വഴുതി വീണ് മുങ്ങിമരിച്ചു. കോതമംഗലം പുഴയിലെ കുംഭപ്പിള്ളി കടവിലാണ് അപകടം സംഭവിച്ചത്. പാലക്കാട് ആനക്കര മലമക്കാവ് മുതിരപ്പാറ വീട്ടിൽ എം.എസ്. അനീഷിന്റെ മകൻ എം.എ. അതുൽ (19) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം ഏകദേശം 4.30-ഓടെയായിരുന്നു സംഭവം. പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലെ രണ്ടാം സെമസ്റ്റർ ബി.സി.എ വിദ്യാർത്ഥിയായ അതുൽ ആറംഗ സുഹൃത്ത് സംഘത്തോടൊപ്പമാണ് പുഴയിൽ എത്തിയത്. കുളിക്കുന്നതിനിടെ പാറപ്പുറത്ത് നിന്നിരുന്ന അതുൽ കാൽ വഴുതി ആഴമുള്ള ഭാഗത്തേക്ക് വീണതോടെയാണ് അപകടം ഉണ്ടായത്.
കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കോതമംഗലത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിൽ, അപകടസ്ഥലത്ത് നിന്ന് ഏകദേശം 50 മീറ്റർ മാറി മൃതദേഹം കണ്ടെത്തി. ഉടൻ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.






