തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ വിഡി സതീശന്റെ സാധ്യതകൾ മങ്ങുന്നു. കെ സി വേണുഗോപാലിന്റെ പേര് നിർദേശിച്ചവരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും. എംഎൽഎമാരുടെ നിർദേശം അടങ്ങിയ പട്ടികയുടെ ചിത്രം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയ എഐസിസി നിരീക്ഷകൻ മുകുൾ വാസ്നികിന്റെ കയ്യിലിലുള്ള പട്ടികയുടെ ചിത്രമാണിതെന്നാണ് റിപ്പോർട്ട്.
സണ്ണി ജോസഫിനെ കൂടാതെ ടി സിദ്ദിഖ്, സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി ഒ മോഹൻ, ഉഷാ വിജയൻ, കെ നീലകണ്ഠൻ തുടങ്ങിയവരും വേണുഗോപാലിനെ പിന്തുണച്ചു. ഐ സി ബാലകൃഷൻ വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ചു. പട്ടികയുടെ ആദ്യപേജിൽ എവിടേയും വി ഡി സതീശന്റെ പേരെയില്ല.
കോൺഗ്രസിന്റെ 63 എംഎൽഎമാരിൽ 47 പേരുടെയും പിന്തുണയും വേണുഗോപാലിനാണ്. ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ ലഭിച്ചതായാണ് സൂചന. വി ഡി സതീശനെ ആറ് പേർ മാത്രമാണ് പിന്തുണച്ചത്. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ വാദങ്ങൾ ഉന്നയിച്ചപ്പോൾ വേണുഗോപാൽ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നു.






