പത്തനംതിട്ട: എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലിന് പൊലീസ് മർദനമേറ്റതായി പരാതി. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ചാണ് മർദനമേറ്റതെന്നാണ് ആരോപണം. അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് മർദിച്ചെന്നാണ് ശരത് ലാലിന്റെ പരാതി.
പൊലീസ് സ്റ്റേഷന് മുന്നിൽ വച്ചും പിന്നീട് വെളിച്ചം കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയും മർദിച്ചെന്നാണ് ശരത് ലാൽ പറയുന്നത്. അടൂർ മണക്കാല എൻജിനീയറിങ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥിയെ കാണാനാണ് ശരത് ലാൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാൻ പോയതിനിടെ അടൂർ പൊലീസിനെ നാട്ടുകാർ ആക്രമിച്ചിരുന്നു. പ്രതിയെ പിടികൂടാൻ റൗഡിയെ ഒപ്പം കൂട്ടിയെന്ന ആരോപണം വിവാദമായതിനെ തുടർന്ന് അടൂർ എസ്.ഐയെ സസ്പെൻഡ് ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് എഐഎസ്എഫ് ജില്ലാ സെക്രട്ടറി പൊലീസിനെതിരെ മർദനാരോപണവുമായി രംഗത്തെത്തിയത്.














