പാലക്കാട്: പി കെ ശശി തനിക്കെതിരെ ഭീഷണി മുഴക്കിയതായി സിപിഐഎം നേതാവിന്റെ പരാതി. പാലക്കാട് മണ്ണാർക്കാട് നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ. മണികണ്ഠനാണ് പരാതി നൽകിയിരിക്കുന്നത്. ഫോൺ വഴി ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. “എനിക്കെതിരെ ശബ്ദിച്ചാൽ നിന്റെ കണ്ണ് അടിച്ചു പൊട്ടിക്കും, നിന്റെ കയ്യും കാലും വെട്ടിക്കളയും, അതിനുള്ള ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ട്” എന്ന തരത്തിലുള്ള ഭീഷണികളാണ് ഉണ്ടായതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.
സംഭവത്തിൽ ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി, നാട്ടുകൽ പൊലീസ് എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നായാടിപ്പാറ ബ്രാഞ്ചിൽ വോട്ട് കുറവായതാണ് ഭീഷണിക്ക് കാരണമെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.കെ. ശശി ഒറ്റപ്പാലത്ത് നിന്ന് യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
ഇതിനു മുമ്പ് പാർട്ടി നടപടികളുടെ ഭാഗമായി പി.കെ. ശശിയെ സിപിഐഎം നായാടിപ്പാറ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും റിപ്പോർട്ടുകളുണ്ട്.






