തൃശ്ശൂർ: ചാലക്കുടി മേലൂർ പഞ്ചായത്തിൽ പാടത്തേക്കുള്ള വെള്ളം പോത്തുകൾക്ക് കിടക്കാനായി കെട്ടിത്തിരിച്ചെന്ന് പരാതി ഇതിനെ തുടർന്ന് പാടശേഖരം വറ്റി വരണ്ടുണങ്ങി. മേലൂർ പഞ്ചായത്ത് കൊമ്പിച്ചാലിൽ കീഴാറ സൈജുവിന്റെ രണ്ട് ഏക്കർ നെൽപ്പാടമാണ് വെള്ളം കിട്ടാതെ വരണ്ടുണങ്ങിയത്.കൃഷി മേഖലയുമായി ബന്ധപ്പെട്ട ജോലിയുടെ ആവശ്യത്തിനു പോയി വന്നപ്പോഴായിരുന്നു നെൽപ്പാടം വരണ്ട് ഉണങ്ങി കിടക്കുന്നത് കർഷകൻ കാണുന്നത്.
ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ പാടത്ത് പലയിടത്തായി പോത്തുകൾക്ക് കിടക്കാൻ കുഴികളും കൂടാതെ വെള്ളത്തെ ബണ്ടു കെട്ടി തിരിച്ചതായും കണ്ടെത്തി. ഉടൻ തന്നെ കെട്ട് പൊട്ടിച്ച് വെള്ളം പാടത്തേക്ക് തുറന്നു വിട്ടു. വേനൽ ചൂട് കനത്ത സാഹചര്യത്തിൽ കർഷകർ വെള്ളത്തിനു കഷ്ടപ്പെടുമ്പോഴാണ് ഇത്തരം പ്രവർത്തി നടത്തി വരുന്നത്. ഇത്തവണ വേനൽ മഴ പോലും ലഭിച്ചിട്ടില്ല. ഇങ്ങനെയുള്ളപ്പോൾ വെള്ളത്തെ നെൽപാടത്തേക്ക് ഒഴുക്കിവിടാതെ തടഞ്ഞ പ്രവൃത്തിക്കെതിരെ
ബന്ധപ്പെട്ട വകുപ്പുകളും പഞ്ചായത്തും കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും മേൽ സാഹചര്യം ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാനും അധികൃതർ ശ്രദ്ധിക്കണമെന്നും നെൽ കർഷകർ ആവശ്യപ്പെട്ടു.










