കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണത്തിന് കേസെടുത്തു. ജിന്റോയില്‍ നിന്ന് ഏറ്റെടുത്ത് പരാതിക്കാരി നടത്തുന്ന ജിമ്മില്‍ കയറിയാണ് മോഷണം നടത്തിയത്. 10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചുവെന്നും സിസിടിവികള്‍ നശിപ്പിച്ചുവെന്നുമുള്ള പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു.
പുലര്‍ച്ചെ 1.50ന് വെണ്ണലയിലുള്ള സ്ഥാപനത്തില്‍ ജിന്റോ കയറുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കമാണ് പരാതി നല്‍കിയിട്ടുള്ളത്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഇട്ടാണ് ജിം തുറന്നത് എന്നാണ് സംശയം. റിയാലിറ്റി ഷോ താരമായ ജിന്റോയ്‌ക്കെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍പ് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇയാളെ എക്‌സൈസ് ചോദ്യം ചെയ്തിരുന്നു. കഞ്ചാവ് കേസില്‍ പിടിയിലായ തസ്‌ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. തസ്‌ലിമയെ അറിയാമെന്നും പിതാവ് മരിച്ചെന്നു പറഞ്ഞ് ആയിരം രൂപ ചോദിച്ചപ്പോള്‍ കൊടുത്തുവെന്നും മറ്റു ബന്ധങ്ങളില്ല എന്നുമായിരുന്നു ജിന്റോയുടെ വാദം.






