ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് വീണ്ടും കേസ്. അസം പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മാധ്യമറിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ തടഞ്ഞ കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഗുവാഹത്തി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്.
ഓഗസ്റ്റ് 22 ന് ഗുവാഹത്തി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം പന്ത്രണ്ടിനായിരുന്നു ഇരുവര്‍ക്കുമെതിരെയുള്ള ആദ്യകേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക നിര്‍ദേശം. ഓപ്പറേഷന്‍ സിന്ദൂറിലെ പിഴവുകളെക്കുറിച്ച് ദി വയറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലായിരുന്നു ആദ്യത്തെ കേസ്. എന്നാല്‍ പുതിയ കേസിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.
ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നോ ആരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും അവ്യക്തമാണ്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് യാതൊരു തരത്തിലുള്ള പ്രതികരണവും അസം പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. രാജ്യദ്രോഹം അടക്കമുള്ള ആറ് വകുപ്പുകള്‍ ചുമത്തിക്കൊണ്ടാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.




