കൊച്ചി: യൂട്യൂബർ അജു അലക്‌സിന് (ചെകുത്താൻ) നേരെ ആക്രമണമുണ്ടായതായി പരാതി. വ്യാഴാഴ്ച രാത്രി ഇടപ്പള്ളിയിലുണ്ടായ സംഭവത്തിൽ കളമശ്ശേരി പൊലീസ് അഞ്ചുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോൾ പിന്തുടർന്നെത്തിയ സംഘമാണ് മർദിച്ചതെന്നാണ് അജു അലക്‌സിന്റെ പരാതി. നടൻ മോഹൻലാലിനെയും അദ്ദേഹത്തിന്റെ ആരാധകരെയും അധിക്ഷേപിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് ആക്രമണമെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മോഹൻലാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ അജു അലക്‌സിനെതിരെ നേരത്തേയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. താരസംഘടനയായ ‘അമ്മ’യുടെ പരാതിയിൽ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖ് നൽകിയ പരാതിയിലായിരുന്നു നടപടി.
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശത്ത് മോഹൻലാൽ സൈനിക വേഷത്തിലെത്തിയതിനെതിരെ അജു അലക്‌സ് നടത്തിയ വിമർശനം നേരത്തെ വിവാദമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായും അജു അലക്‌സ് മത്സരിച്ചിരുന്നു.


