ആലപ്പുഴ: വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെ തുടർന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുന്നു. ചെങ്ങന്നൂർ സ്വദേശിയായ യേശുദാസൻ (74) മരിച്ച സംഭവത്തിലാണ് നടപടി. പുലിയൂർ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിലാണ് കല്ലറ തുറന്നത്.
മാർച്ച് 20-നാണ് യേശുദാസൻ മരിച്ചത്. എന്നാൽ മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രവാസിയായ മരുമകൾ ലീന ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കല്ലറ തുറന്ന് മൃതദേഹം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചു.
യേശുദാസന്റെ സഹോദരൻ ഗബ്രിയേൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്നും, മരണത്തിന് മുമ്പ് സ്വത്ത് അദ്ദേഹത്തിന്റെ പേരിലേക്ക് മാറ്റിയെന്നും മരുമകൾ ആരോപിക്കുന്നു. കൂടാതെ, മരണസമയത്ത് യേശുദാസൻ ഛർദിച്ച് അവശനിലയിലായിരുന്നുവെന്നും ശരീരം കടുംനീല നിറത്തിലായിരുന്നുവെന്നും അവർ പറയുന്നു.
വീട്ടുജോലിക്കാരി നൽകിയ കേക്ക് കഴിച്ചതിന് പിന്നാലെയാണ് യേശുദാസൻ അസ്വസ്ഥനായതെന്നും, വിഷം ഉള്ളിൽച്ചെന്നാണ് മരണം സംഭവിച്ചതാകാമെന്നും സംശയമുണ്ടെന്നും മരുമകൾ ആരോപിച്ചു. അതിനൊപ്പം, ആശുപത്രിയിൽ കൊണ്ടുപോയ വിവരം കുടുംബത്തെ അറിയിച്ചില്ലെന്നും, മരണത്തിന് പിന്നാലെ സഹോദരൻ തങ്ങളെ വീട്ടിൽനിന്ന് പുറത്താക്കിയെന്നും പരാതിയിൽ പറയുന്നു. ഒരു ആധാരത്തിൽ വീട്ടുജോലിക്കാരി സാക്ഷിയായി ഒപ്പിട്ടതായും ആരോപണമുണ്ട്.
യേശുദാസന് ഒരു മകളും ഒരു മകനുമാണ് ഉണ്ടായിരുന്നത്. മകൻ 2017-ൽ മരിച്ചിരുന്നു. മകൾ യുകെയിലാണ് താമസിക്കുന്നത്. പിതാവിന്റെ മരണത്തിൽ മകൾക്കും സംശയമുണ്ടെന്നും കുടുംബം പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.




