പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഗർഭിണി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ ആണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് മരണകാരണമെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തൃത്താല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഈ മാസം 16-നാണ് ഒൻപത് മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ഇന്നലെ രാവിലെ പത്തരയോടെ ശ്വാസതടസ്സവും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ വാണിയംകുളത്തെ പികെ ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിശോധന നടത്തിയപ്പോൾ യുവതി മരിച്ചിരുന്നു.
തുടർന്ന് പട്ടാമ്പി താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ശക്തമായി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. തുടർ നടപടികൾ പുരോഗമിക്കുകയാണ്.










