ഒരു ജനപ്രതിനിധി ജനഹൃദയങ്ങളിലേക്ക് കടന്നു കയറി, ചിരകാല പ്രതിഷ്ഠ നേടിയിരിക്കുന്നു. പറഞ്ഞുവരുന്നത് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിന്റെ എംഎൽഎ സാക്ഷാൽ സി ആർ മഹേഷിനെ പറ്റി തന്നെയാണ്. നീമാരുടെ സി ആർ മഹേഷ്. വിജയത്തിന് തൊട്ടടുത്ത് എത്തി പരാജയപ്പെട്ടപ്പോൾ ആ പരാജയത്തിന്റെ പാഠം ഉൾക്കൊണ്ട് വിജയത്തിലേക്ക് നടന്നു കയറിയ നിശ്ചയദാർഢ്യത്തിന്റെ പേരാണ് സി ആർ മഹേഷ്.
ആറു പതിറ്റാണ്ടിന് ശേഷം കരുനാഗപ്പള്ളിയിയിൽ കോൺഗ്രസിന് ഒരു എംഎൽഎയെ ലഭിച്ചത് സി ആർ മഹേഷിലൂടെ ആയിരുന്നു. 2016ൽ 1759 വോട്ടിന് പരാജയപ്പെട്ട മഹേഷ് കഴിഞ്ഞ തവണ സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ആണ് മണ്ഡലം പിടിച്ചെടുത്തത്. 29096 വോട്ടുകളുടെ ഉജ്ജ്വല ഭൂരിപക്ഷത്തിൽ ആയിരുന്നു സി ആർ നിയമസഭയിലേക്ക് എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് തകർന്നടിഞ്ഞ ഘട്ടത്തിലായിരുന്നു മഹേഷിന്റെ ഈ ഉഗ്രൻ വിജയം.
2016-ൽ 1759 വോട്ടുകൾക്ക് തോറ്റെന്ന ഫലം വന്നതോടെ സി ആർ വീട്ടിൽ പോയി ഇരിക്കുക അല്ലായിരുന്നു. ഇരിന്നിടത്ത് നിന്ന് എണീക്കുകയായിരുന്നു. ആ നിമിഷം മുതൽ അദ്ദേഹം സമൂഹത്തിലുണ്ടായിരുന്നു. ഓരോ ദിവസവും ജനങ്ങളിൽ നിന്ന് ഊർജ്ജം ലഭിക്കാൻ തുടങ്ങി. അഞ്ചു വർഷ കാലം ആളുകൾക്കിടയിൽ അവരുടെ ചെറുതും വലുതമായ എല്ലാ പ്രശ്നങ്ങളിലും കൂടെ നിന്നു. പ്രളയ സമയത്തും മറ്റു ദുരിതങ്ങളിലും നിരവധി ആളുകളെ സഹായിക്കാനായി. ജനങ്ങൾക്ക് കൈയെത്തും ദൂരത്ത് അവർക്ക് ഏത് സമയത്തും വിളിക്കാവുന്ന ഒരാൾ എന്ന നിലയിലാണ് സി ആർ പ്രവർത്തിച്ചത്.
വാക്കുകളായാലും പ്രവർത്തമായാലും ഹൃദയത്തിൽ നിന്ന് വരണം. അങ്ങനെ ചിന്തിക്കുന്നവർ വിജയിക്കും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സി ആർ മഹേഷിന്റെ വിജയവും തുടർന്നുള്ള പ്രവർത്തനങ്ങളും. എംഎൽഎ ആകണം മന്ത്രിയാകണം എന്നും പറഞ്ഞ് രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ സി ആറിനെ പോലെ പരാജയപ്പെട്ട ഇടത്തുനിന്നും വിജയിച്ചു വരുവാൻ കഴിയുകയില്ല. ഈ പാഠമാണ് ഇന്നത്തെ കോൺഗ്രസിന്റെ യുവതലമുറ മനസ്സിലാക്കേണ്ടത്.
ആളുകളെ സഹായിക്കുക എന്നതാണ് ഒരു പ്രവർത്തകന് ആത്യന്തികമായി ഉണ്ടാകേണ്ടത്. അത് പലവിധത്തിലാകാം. വാക്കു കൊണ്ടും പ്രവർത്തനം കൊണ്ടും സർക്കാർ സംവിധാനങ്ങൾ വഴിയും സാമ്പത്തികമായും ആളുകളെ സഹായിക്കാൻ സാധിക്കും. താൻ എംഎൽഎ ആകാൻ ഇറങ്ങി തിരിച്ചതാണെന്നും പറഞ്ഞ് പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങിയാൽ അതൊന്നും ജനം അംഗീകരിക്കില്ല. നമ്മോടൊപ്പം നമ്മുടെ ആവശ്യത്തിന് കിട്ടുന്ന നമുക്കിടയിലുള്ള ഒരാളാണെന്ന് ജനങ്ങൾക്ക് തോന്നണം. അങ്ങനെ തോന്നിപ്പിക്കണമെങ്കിൽ പ്രവർത്തനവും വേണം. ജനങ്ങളൊന്നും മണ്ടൻമാരല്ല. ജനങ്ങളുടെ ബുദ്ധി തുറന്നുകാട്ടുന്ന തെരഞ്ഞെടുപ്പ് ഫലമായിരുന്നു കഴിഞ്ഞതവണത്തെ കരുനാഗപ്പള്ളിയിലെ ഫലം.
കോൺഗ്രസിനുള്ളിൽ രാഷ്ട്രീയമായി ഒരുകാലത്ത് ഉൾവലിഞ്ഞ ആളായിരുന്നു സി ആർ മഹേഷ്. രാഹുൽ ഗാന്ധി കുറച്ചുകൂടി സജീവമായി രംഗത്തിറങ്ങണമെന്ന മഹേഷിന്റെ ഒരു പഴയ പരാമർശം ബിജെപിയെ സഹായിക്കാനാണെന്ന നിലയിൽ വളച്ചൊടിക്കപെട്ടിരുന്നു. അദ്ദേഹം അപ്പോൾ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്നു. ഈ ഘട്ടത്തിലാണ് രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ അദ്ദേഹം തീരുമാനിച്ചത്.
എന്നാൽ പിന്നീട് തിരിച്ചെത്തിയ മഹേഷ് കെപിസിസി ജനറൽ സെക്രട്ടറിയും എഐസിസി അംഗവും ഇപ്പോൾ എംഎൽഎയുമായി. മഹേഷ് പറഞ്ഞതിലെ യാഥാർത്ഥ്യം പിന്നീട് എല്ലാവരും ചർച്ച ചെയ്തു എന്നത് മറ്റൊരു വസ്തുത. രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് നയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ സ്ഥാനമൊഴിയണമെന്നും കെ എസ് യു വളര്‍ത്തി വലുതാക്കിയ എ കെ ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണെന്നും ആയിരുന്നു മഹേഷ് ഫേസ്ബുക്കിലൂടെ അന്ന് പ്രതികരിച്ചിരുന്നത്. കെഎസ്‌യു പുനസംഘടന ഏറെ നീണ്ടു പോവുകയും പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടുകയും ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആയിരുന്നു മഹേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ആരും പറയാൻ മടിച്ച കാര്യമായിരുന്നു മഹേഷ് ഏറെ സധൈര്യത്തോടെ തുറന്നുപറഞ്ഞത്. അതിന്റെ പേരിൽ ഒട്ടേറെ വേട്ടയാടലുകൾ നേരിട്ടെങ്കിലും ജനങ്ങൾ അദ്ദേഹത്തെ ഏറ്റെടുക്കുകയായിരുന്നു. പല വൻമരങ്ങളും കഷ്ടിച്ച് വിജയിക്കുകയും ചിലർ പരാജയപ്പെടുകയും ചെയ്ത തെരഞ്ഞെടുപ്പിൽ ആയിരുന്നു മഹേഷിന്റെ ആധികാരിക വിജയം. ഒരിക്കൽ തോറ്റ മണ്ഡലത്തിൽ എതിർപ്പാട്ടിക്കാരോട് മാത്രമുള്ളതായിരുന്നില്ല മഹേഷിന്റെ പ്രതികാരം. പാർട്ടിക്കുള്ളിൽ പോലും താൻ ഉയർത്തിയ വിപ്ലവത്തെ മനസ്സിലാക്കുവാൻ കഴിയാതെ പോയവർക്കും എതിരെയുള്ള പോരാട്ടമായിരുന്നു കരുനാഗപ്പള്ളിയിലെ മഹേഷിന്റെ പ്രതികാരം.
Content: Comrades, don’t look back at Karunagappally’s birth..






