കോഴിക്കോട്: കോഴിക്കോട്–മലപ്പുറം അതിർത്തിയായ എരഞ്ഞിമാവിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ലക്ഷ്മി നാരായണൻ (32) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ലക്ഷ്മി കൈലാസിനെ അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി ജോലി ആവശ്യത്തിനായി ഒരുമിച്ച് താമസിച്ചിരുന്ന ഇവർക്കിടയിൽ പെട്ടെന്നുണ്ടായ വാക്കുതർക്കം കൈയാങ്കളിയായി മാറുകയായിരുന്നു. ഇതിനിടെ പ്രകോപിതനായ കൈലാസ് സഹോദരനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് സൂചന.
വിവരം ലഭിച്ച ഉടൻ അരീക്കോട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പ്രതിയെ പിടികൂടുകയും ചോദ്യം ചെയ്തുവരികയാണ്. തർക്കത്തിന് പിന്നിലെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും എത്തി തെളിവുകൾ ശേഖരിച്ചു. കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷമേ സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.




