വടകര:വടകര ചാനിയംകടവിൽ പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. ചാനിയംകടവ് – ശാന്തി നഗർ റോഡ് ജങ്ഷനിലെ കലുങ്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. കഴിഞ്ഞ ദിവസം പ്രദേശത്തുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ബോംബുകൾ സുരക്ഷിതമായി കസ്റ്റഡിയിലെടുക്കുകയും പിന്നീട് പുറമേരി കുനിങ്ങാട് ക്വാറിയിൽ എത്തിച്ച് വിദഗ്ധമായി നിർവീര്യമാക്കുകയും ചെയ്തു.
സമീപദിവസങ്ങളിൽ ഈ പ്രദേശത്ത് സി.പി.എം – മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ രൂക്ഷമായ സംഘർഷം നിലനിന്നിരുന്നു. സംഘർഷത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെ ബോംബുകൾ കണ്ടെത്തിയത് പ്രദേശവാസികളിൽ വലിയ ഭീതി പടർത്തിയിട്ടുണ്ട്. അക്രമ സംഭവങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി സൂക്ഷിച്ചതാണോ ഇവ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വടകര മേഖലയിൽ ക്രമസമാധാനം ഉറപ്പാക്കാൻ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചവരെ കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.




