കോഴിക്കോട്: കുറ്റ്യാടി പൊലീസ് സ്റ്റേഷൻ മുറ്റത്ത് ലഹരിസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. രണ്ട് കാറുകളിലായി പൊലീസ് സ്റ്റേഷൻ മുറ്റത്തെത്തിയ സംഘം അവിടെവെച്ച് ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ ഒരു കാറിൽനിന്ന് ഒൻപത് ഗ്രാം എംഡിഎംഎയും 10.5 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുവണ്ണാമൂഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യൻ, പേരാമ്പ്ര സ്വദേശികളായ അമൽജിത്ത്, ആൽബിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണോ ഏറ്റുമുട്ടലിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കസ്റ്റഡിയിലുള്ളവർ സ്ഥിരമായി ലഹരിമാഫിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണോയെന്നും സംഭവത്തിൽ പ്രദേശത്തെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും കണ്ടെത്താൻ പൊലീസ് വിശദമായ ചോദ്യം ചെയ്യൽ നടത്തിവരികയാണ്.



