തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കൈരളി ന്യൂസിനെതിരെ കോൺഗ്രസ് പരാതി നൽകി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനുമാണ് പരാതി നൽകിയിരിക്കുന്നത്. എഐസിസി നിയമ വിഭാഗം ചെയർമാൻ അഭിഷേക് സിംഗ്‌വിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. കെ സി വേണുഗോപാൽ പണം കൈപ്പറ്റുന്നതായി തോന്നിപ്പിക്കുന്ന രീതിയിൽ ചിത്രം എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതാണെന്ന് പരാതിയിൽ പറയുന്നു. ചിത്രത്തിൽ പച്ച നിറത്തിലുള്ള വട്ടം ബോധപൂർവം ചേർത്തതായും ആരോപണം ഉണ്ട്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, കെസിയുടെ പ്രതിച്ഛായ തകർക്കാനും വോട്ടർമാരെ തെറ്റിധരിപ്പിക്കാനുമുള്ള ശ്രമമാണിതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, എക്‌സ് (ട്വിറ്റർ) തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചിത്രം വ്യാപകമായി പ്രചരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ അന്വേഷണം നടത്തണമെന്നും വ്യാജ ചിത്രം ഉടൻ നീക്കം ചെയ്യാൻ നിർദേശം നൽകണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. കൂടാതെ, കെപിസിസി വൈസ് പ്രസിഡന്റ് എ.എ ഷുക്കൂർ ആലപ്പുഴ നോർത്ത് പൊലീസിലും പരാതി നൽകി. ഭാരതീയ ന്യായ സംഹിത (BNS) 2023 ലെ 336(4), 353(2), 61 എന്നീ വകുപ്പുകളും ഐടി ആക്ട് സെക്ഷൻ 66 ഉം പ്രകാരം കൈരളി ന്യൂസിനും ബന്ധപ്പെട്ടവർക്കും എതിരെ നടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.




