തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹിറ്റായ ‘പോറ്റിയെ കേറ്റിയേ’ പാട്ട് വിവാദം ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കളും. കെ പി സി സി യോഗത്തിന് ഇന്ദിരാ ഭവനിലെത്തിയ കോൺഗ്രസ് വക്താവ് പവൻ ഖേര ‘വാട്ട് എ ബ്യൂട്ടിഫുൾ സോങ്’ എന്നാണ് ‘പോറ്റിയെ കേറ്റിയേ’ പാട്ടിനെ വിശേഷിപ്പിച്ചത്.
ഇന്ദിരാ ഭവനിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പോറ്റിപ്പാട്ട് പാടുകയായിരുന്നു. അതേസമയം പാട്ടിനെ ഹിറ്റാക്കിയത് സിപിഎമ്മിന്റെ മണ്ടത്തരമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അഭിപ്രായപ്പെട്ടത്. പാട്ടിനെതിരെ കൂടുതൽ നടപടി വേണ്ടെന്ന സർക്കാർ തീരുമാനത്തോടും സണ്ണി ജോസഫ് പ്രതികരിച്ചു. സർക്കാരിന് വൈകിയാണെങ്കിലും ബുദ്ധി ഉദിച്ചെന്നാണ് കെപിസിസി അധ്യക്ഷൻ അഭിപ്രായപ്പെട്ടത്. എല്ലാ ബൂത്ത് കമ്മിറ്റികളും ‘പോറ്റിയെ കേറ്റിയേ’ പാട്ട് പാടുമെന്നും കേരളത്തിൽ തരംഗമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.






