കോട്ടയം : ചങ്ങനാശേരിയിൽ അത്യാധുനികരീതിയിൽ നവീകരിക്കുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. ജില്ലയിലെ തന്നെ മികച്ച കെഎസ്ആർടിസി ബസ് സ്റ്റാൻഡാണ് ചങ്ങനാശ്ശേരിയിൽ നിർമാണം പൂർത്തീകരിച്ചുവരുന്നത്.
സ്ഥലം എം എൽ എയുടെ ആസ്തിവികസനഫണ്ടിൽനിന്നുള്ള ഏഴു കോടി അഞ്ചു ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം. വിവിധ വർഷത്തെ എംഎൽഎ ഫണ്ടുകൾ സംയോജിപ്പിച്ച് പ്രത്യേക അനുമതി വാങ്ങിയെടുത്താണു നിർമാണം സാധ്യമാക്കിയതെന്ന് അഡ്വ. ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു. തൊള്ളയിരത്തിയഞ്ചു ചതുരശ്ര മീറ്ററിൽ രണ്ടുനിലകളിലായി വൃത്താകൃതിയിലാണ് കെട്ടിടത്തിന്റെ രൂപകൽപന.
ബസ്സ്റ്റാൻഡിൽ അന്വേഷണങ്ങൾക്കുള്ളമുറി, ടിക്കറ്റ് കൗണ്ടർ, പോലീസ് എയ്ഡ് പോസ്റ്റ്, കോഫി ബാർ, ഹെൽത്ത് റൂം, സ്റ്റേഷൻ മാസ്റ്ററുടെ മുറി, കാത്തിരിപ്പുമുറി, സെക്യൂരിറ്റിമുറി, ഇലക്ട്രിക്കൽ മുറി, എന്നിവ താഴത്തെനിലയിൽ സജ്ജീകരിക്കും. ഒന്നാംനിലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ശീതീകരിച്ച ഡോർമിറ്ററി സൗകര്യമുണ്ടാകും. ക്ലോക്ക് റൂം, കെയർടേക്കർ മുറി, ബേക്കറി, ജ്യൂസ് പാർലർ എന്നിവയും ഈ നിലയിൽ പ്രവർത്തിക്കും.
പഴയ കെട്ടിടം കാലപ്പഴക്കത്തെത്തുടർന്നു അപകടഭീഷണിയിലായത് പൊളിച്ചുമാറ്റിയാണ് നിലവിലെ കെട്ടിടം നിർമിക്കുന്നത്. നിലവിൽ യാത്രക്കാർക്കായി താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രം കെഎസ്ആർടിസി ജങ്ഷനിലും ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതി തയ്യാറാക്കിയതും ആദ്യകെട്ടിടത്തിനായി തുക അനുവദിച്ചത് മുൻ എംഎൽഎ സി.എഫ്.തോമസ് ആയിരുന്നു.










