കൊച്ചി: പാചകവാതക വിലവർധനയും കടുത്ത ക്ഷാമവും കാറ്ററിങ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കി. കഴിഞ്ഞ രണ്ട് മാസമായി ഗ്യാസ് സിലിൻഡർ ലഭ്യത ഉറപ്പില്ലാത്തതിനാൽ മേഖലയിലെ പ്രവർത്തനം വലിയ തോതിൽ നിലച്ചിരിക്കുകയാണ്.
വാതക ക്ഷാമത്തെ തുടർന്ന് പല കാറ്ററിങ് യൂണിറ്റുകളും പുതിയ ഓർഡറുകൾ സ്വീകരിക്കാതിരിക്കുകയാണ്. നേരത്തെ ഏറ്റെടുത്തിരുന്ന ഓർഡറുകൾ പോലും റദ്ദാക്കേണ്ട സാഹചര്യമുണ്ടായതായി സംരംഭകർ പറയുന്നു. ഇതിനകം നൂറുകണക്കിന് ഓർഡറുകൾ റദ്ദായതായും അവർ വ്യക്തമാക്കുന്നു.
വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും മാസങ്ങൾക്ക് മുൻപേ ബുക്കിംഗ് സ്വീകരിച്ചിരുന്ന കാറ്ററിങ് സ്ഥാപനങ്ങൾ ഇപ്പോൾ വലിയ സമ്മർദ്ദത്തിലാണ്. നിശ്ചയിച്ച നിരക്കിൽ സേവനം നൽകേണ്ടതിനൊപ്പം സിലിൻഡർ ലഭ്യതയില്ലായ്മയും വലിയ ബാധ്യതയാകുന്നു.
സംസ്ഥാനത്ത് അംഗീകൃത ലൈസൻസോടെ പ്രവർത്തിക്കുന്ന ഏകദേശം 3,500 കാറ്ററിങ് യൂണിറ്റുകളുണ്ട്. അനൗദ്യോഗികമായി പ്രവർത്തിക്കുന്നവ ഇതിന്റെ പലമടങ്ങ് വരും. കുടുംബശ്രീ ഉൾപ്പെടെയുള്ള നിരവധി കൂട്ടായ്മകളും ഈ മേഖലയിൽ സജീവമാണ്.
വിവാഹങ്ങൾ, കുടുംബ ചടങ്ങുകൾ, പൊതുപരിപാടികൾ, ആരാധനാലയങ്ങളിലെ ചടങ്ങുകൾ തുടങ്ങിയവയെല്ലാം കാറ്ററിങ് മേഖലയെ ആശ്രയിക്കുന്നതിനാൽ പ്രതിസന്ധി സാമൂഹികജീവിതത്തെയും ബാധിക്കുന്നു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ വാണിജ്യ ഗ്യാസ് സിലിൻഡർ വിലയിൽ 1,500 രൂപയ്ക്കും മേൽ വർധന ഉണ്ടായതായി കേരള കാറ്ററേഴ്‌സ് അസോസിയേഷൻ പറയുന്നു. പാചകവാതക ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ മേഖല നിലനിൽക്കാൻ പോലും പ്രയാസമാകുമെന്ന് അസോസിയേഷൻ വ്യക്തമാക്കി.
ഏകദേശം 1.5 ലക്ഷം പേർ നേരിട്ടും പരോക്ഷമായും ഈ മേഖലയെ ആശ്രയിക്കുന്നുണ്ടെന്നും തൊഴിൽ അവസരങ്ങൾ കുറയുന്നതോടെ പലരും മേഖല വിട്ടുപോകുന്ന സാഹചര്യവും നിലനില്ക്കുന്നുണ്ടെന്നും സംരംഭകർ പറയുന്നു.






