ഫിഫ ലോകകപ്പ് പോരാട്ടങ്ങൾ അതിന്റെ ഏറ്റവും അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 2 സെമി പോരാട്ടവും മൂന്നാം സ്ഥാന മത്സരവും ഫൈനലും മാത്രമാണ് 48 ടീമുകൾ പങ്കെടുത്ത ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമുള്ള ലോകകപ്പിൽ ഇനി അവശേഷിക്കുന്നത്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയം റഫറിമാരുടെ ചില തീരുമാനങ്ങളും വിഡിയോ അസിസ്റ്റന്റ് റഫറി എന്ന വാർ സംവിധാനവുമാണ്. യഥാർഥത്തിൽ വാർ ഫുട്ബോൾ ലോകത്തിന് ഒരു അനുഗ്രഹമാണോ അതോ ശാപമാണോ എന്ന ചോദ്യം ആരാധകർക്കും ടീമുകൾക്കുമിടയിൽ ഉരുണ്ടുകൂടുന്നുണ്ട്. അന്തിമമായ ഒരു തീർപ്പിലെത്താൻ കായിക ലോകത്തിന് ഇനിയും സാധിച്ചിട്ടില്ല. എങ്കിലും ചില നിർണായകമായ 50- 50 തീരുമാനങ്ങൾ മറ്റു ടീമുകളെ അപേക്ഷിച്ച് ചില പ്രത്യേക ടീമുകൾക്ക് കൂടുതൽ അനുകൂലമായി ലഭിക്കാറുണ്ട് എന്ന കാര്യത്തിൽ ഒരു പൊതുസമ്മതമുണ്ട്. ചില പ്രത്യേക വാർ തീരുമാനങ്ങളെക്കുറിച്ച് വലിയ തോതിലുള്ള ചർച്ചകളാണ് നടക്കുന്നത്. പ്രത്യേകിച്ച് സൂപ്പർ താരം ലയണൽ മെസിയുടെ അർജന്റീനയെ ചുറ്റിപ്പറ്റിയാണ് ഈ ചർച്ചകളെല്ലാം.
റൗണ്ട് ഓഫ് 16 ൽ അർജന്റീന ഈജിപ്തിനെ പുറത്താക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ലോകകപ്പ് മുതൽ പുകഞ്ഞ് നിന്നിരുന്ന വിവാദങ്ങൾ ശരിക്കും ആളിക്കത്തിയത്. നിലവിലെ ചാംപ്യന്മാരായ അർജന്റീനയെ സഹായിക്കാനായി ടൂർണമെന്റിൽ അട്ടിമറി നടക്കുകയാണെന്ന് ആരോപിച്ച് പരിശീലകരും കളിക്കാരും പരസ്യമായി വരെ രംഗത്ത് വരുന്ന സാഹചര്യമുണ്ടായി. സമാനമായ രീതിയിൽ, ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്വിറ്റ്‌സർലൻഡിന്റെ ബ്രീൽ എംബോളോയെ ചുവപ്പ് കാർഡ് നൽകി പുറത്താക്കിയതും വലിയൊരു വിവാദത്തിന് തിരികൊളുത്തി. ഈ വിഷയത്തിൽ വാറിന്റെ ഇടപെടൽ തികച്ചും അനാവശ്യമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
വാർ വഴി അർജന്റീനയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന വാദങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുമ്പോൾ റഫറിയിങ് തീരുമാനങ്ങളുടെ കാര്യത്തിൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സംരക്ഷണം ലഭിക്കുന്ന ടീം മെസിയുടേതാണെന്ന് പല ആരാധകരും കരുതുന്നു. എന്നാൽ ലഭ്യമായ കൃത്യമായ വിവരങ്ങൾ ഇതിലും വ്യത്യസ്തവും സൂക്ഷ്മവുമായ മറ്റൊരു ചിത്രമാണ് നൽകുന്നത്.
‘നോർത്ത് ഈസ്റ്റേൺ ഗ്ലോബൽ ന്യൂസ്’ സമാഹരിച്ച വാർ തീരുമാനങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ ലോകകപ്പിൽ (റൗണ്ട് ഓഫ് 16 മത്സരങ്ങൾ പൂർത്തിയാകുന്നത് വരെ) ഈ സാങ്കേതിക വിദ്യയിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ടീമുകളുടെ പട്ടികയിൽ അർജന്റീന രണ്ടാം സ്ഥാനത്താണ്.
യഥാർഥത്തിൽ ലോകകപ്പിന്റെ റൗണ്ട് ഓഫ് 16 ഘട്ടം വരെ അർജന്റീനയ്‌ക്കെതിരെ ഒരൊറ്റ വാർ ഇടപെടൽ പോലും ഉണ്ടായിട്ടില്ല. ഈ ലോകകപ്പിലെ സഹ ആതിഥേയരായ മെക്സിക്കോയുടെ കാര്യവും സമാനമാണ്. ലഭ്യമായ കണക്കുകൾ പ്രകാരം ഈ ലോകകപ്പിൽ വാറിൽ നിന്നു ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് മെക്സിക്കോയാണ്.
ഗ്രൂപ്പ് ഘട്ടം മുതൽ റൗണ്ട് ഓഫ് 16 വരെ ഏറ്റവും കൂടുതൽ വാർ ആനുകൂല്യം ലഭിച്ച ആദ്യ 5 ടീമുകൾ ഏതെന്ന് നോക്കിയാൽ, ആതിഥേയരായ മെക്സിക്കോയാണ് മുന്നിൽ. തൊട്ടുപിന്നിൽ അർജന്റീനയുണ്ട്. പോർച്ചുഗൽ, ന്യൂസിലൻൻഡ്, സൗദി അറേബ്യ എന്നീ ടീമുകളാണ് പിന്നിൽ.
ഇനി ഏറ്റവും കൂടുതൽ വാർ തിരിച്ചടി നേരിട്ട 5 ടീമുകളുടെ കാര്യം നോക്കിയാൽ, വാർ തീരുമാനങ്ങൾ തങ്ങൾക്ക് എതിരായി വരികയും എന്നാൽ അനുകൂലമായി ഒരൊറ്റ തീരുമാനം പോലും ലഭിക്കാതിരിക്കുകയും ചെയ്ത ടീമുകളുടെ പട്ടികയിൽ 2018ലെ ലോകകപ്പ് രണ്ടാം സ്ഥാനക്കാരായ ക്രോയേഷ്യയാണ് ഒന്നാമത്. പിന്നാലെയുള്ളത് ഇറാൻ, ഖത്തർ, ജർമനി, ഇംഗ്ലണ്ട് എന്നീ ടീമുകളും.
അപ്പോൾ അർജന്റീനയ്ക്ക് ഫിഫ കൂടുതൽ ഫേവർ ചെയ്യുന്നുണ്ടോ? മൈതാനത്ത് എടുക്കുന്ന തീരുമാനങ്ങൾ പക്ഷപാതമില്ലാത്തതാണെന്ന് ഫിഫ ആവർത്തിച്ചു വ്യക്തമാക്കുമ്പോഴും ഈ ടൂർണമെന്റിൽ അർജന്റീനയുടെ മത്സരങ്ങളിലെ വിഡിയോ അസിസ്റ്റന്റ് റഫറിയുടെ വാർ ഇടപെടലുകൾ പലതവണ സംശയത്തിന്റെ നിഴലിലായിട്ടുണ്ട് എന്നതൊരു സത്യം തന്നെയാണ്.
അറ്റ്‌ലാന്റയിൽ നടന്ന ഈജിപ്ത്- അർജന്റീന റൗണ്ട് ഓഫ് 16 മത്സരത്തിനിടയിലാണ് ഏറ്റവും വലിയ തർക്കം ഉടലെടുത്തത്. രണ്ടാം പകുതിയിൽ ഈജിപ്ത് മനോഹരമായി നേടിയ ഒരു ഗോൾ, അത് നിർമിച്ചെടുക്കുന്നതിനിടയിൽ ഫൗൾ സംഭവിച്ചു എന്ന് കാണിച്ച് വാർ ഇടപെടലിലൂടെ റഫറി റദ്ദാക്കിയിരുന്നു. ഇത് തങ്ങളോട് ചെയ്ത വലിയ അനീതിയാണെന്ന് ഈജിപ്ത് കരുതുന്നു.
ഈ തീരുമാനത്തിന് ശേഷം, മത്സരത്തിൽ 78ാം മിനിറ്റ് വരെ 2-0 ന് മുന്നിലായിരുന്ന ഈജിപ്ത് കളിയിലെ മേധാവിത്വം കൈവിടുകയും ഒടുവിൽ 2-3 ന് പരാജയപ്പെടുകയും ചെയ്തു. റഫറിയും വാർ പാനലും അർജന്റീനയ്ക്ക് അനുകൂലമായി പക്ഷപാതം കാണിച്ചുവെന്നും അർജന്റീന കളിക്കാർ വരുത്തിയ പല ഫൗളുകളും ഇത്തരത്തിൽ കൃത്യമായി പരിശോധിക്കാൻ അവർ തയ്യാറായില്ലെന്നും ഈജിപ്ത് ക്യാംപ് ആരോപിച്ചു.
അൽജീരിയയ്‌ക്കെതിരായ മത്സരത്തിൽ പോലും, എതിർ കളിക്കാരനെതിരെ അപകടകരമായ രീതിയിൽ ടാക്കിൾ ചെയ്തതിന് ലയണൽ മെസിക്ക് ചുവപ്പ് കാർഡ് നൽകി പുറത്താക്കേണ്ടതായിരുന്നു എന്ന് പലരും കരുതുന്നു. എന്നാൽ റഫറി അർജന്റീന ക്യാപ്റ്റന് ഒരു മഞ്ഞക്കാർഡ് പോലും നൽകാൻ കൂട്ടാക്കിയില്ല.
ഏറ്റവും ഒടുവിലായി, സ്വിറ്റ്‌സർലൻഡിന്റെ ബ്രീൽ എംബോളോയ്ക്ക് വാർ ഇടപെടലിന് ശേഷം റഫറി മഞ്ഞക്കാർഡ് നൽകാൻ കാരണമായ ‘ആളെ മാറിപ്പോകൽ’ നിയമവും ഈ ലോകകപ്പിൽ അർജന്റീനയ്ക്ക് അനുകൂലമായി വന്ന വിവാദപരമായ തീരുമാനങ്ങളുടെ നീണ്ട പട്ടികയിലേക്ക് പുതിയൊരു തർക്ക വിഷയമായി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്.
ലോകകപ്പിൽ എക്കാലത്തും ഫേവറിറ്റുകൾ കാണും. അത് ഒരു കാലത്ത് ബ്രസീലായിരുന്നു. പിന്നീട് ജർമനിയായി, ഫ്രാൻസായി, ഇപ്പോൾ അർജന്റീനയിൽ എത്തിനിൽക്കുന്നു. അന്നും ഈ ഫേവറിറ്റ് ടീമുകൾക്ക് റഫറീയിങ് സപ്പോർട്ട് കിട്ടുന്നുണ്ട് എന്ന ആരോപണങ്ങൾ എതിരാളികൾ ഉയർത്തിയിട്ടുള്ളതാണ്. ഒരുപക്ഷേ ഈ ടീമുകൾ ടൂർണമെന്റിൽ നിലനിൽക്കേണ്ടത് ഫിഫയ്ക്കും കാണികൾക്കും എല്ലാ തരത്തിലും ഗുണകരമാകുന്നത് കൊണ്ടാകാം. ഐപിഎല്ലിലും ക്രിക്കറ്റ് ലോകകപ്പുകളിൽ ഇന്ത്യയ്ക്കും ഇങ്ങനെ ഫേവറിസം കിട്ടാറുണ്ടെന്ന സ്ഥിരം ആരോപണങ്ങൾ കേട്ട് ശീലിച്ചവരല്ലേ നാം. ഇവ സത്യമാകാം, വെറും യാദൃശ്ചികതകൾ മാത്രമാകാം… എന്തായാലും ഇത്തവണ അർജന്റീന ഒരിക്കൽ കൂടി കപ്പടിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.




