മലപ്പുറം: പാലക്കാട് മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിനിടെ വിദ്യാർഥികളെ അപമാനിച്ചെന്ന പരാതിയിൽ പ്രതികരിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. അധ്യാപകനെന്ന നിലയിൽ കുട്ടികളുമായി സംവദിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്നും, തമാശയുടെ ഭാഗമായാണ് കുട്ടിയുടെ ചെവിയിൽ പിടിച്ചതെന്നും കെ.ടി. ജലീൽ പറഞ്ഞു.
വിദ്യാർഥിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കുട്ടിക്കും അത്തരമൊരു തോന്നൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ പങ്കെടുത്ത ഏതെങ്കിലും വിദ്യാർഥിക്കോ രക്ഷിതാവിനോ അപമാനം തോന്നിയെന്ന് വ്യക്തമാക്കിയാൽ നൂറുവട്ടം ക്ഷമ ചോദിക്കാൻ തയ്യാറാണെന്നും കെ.ടി. ജലീൽ പറഞ്ഞു.
വിദ്യാർഥികൾക്ക് പൊതുവായന കുറയുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും പാഠപുസ്തകങ്ങൾക്ക് പുറമെ മറ്റ് വായനകൾക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർഥികളുമായി സംവദിക്കുന്ന പരിപാടികളിൽ സദസ്സിനെ കൂടി പങ്കാളികളാക്കുന്നതാണ് തന്റെ രീതിയെന്നും ജലീൽ പറഞ്ഞു.
അധ്യാപകൻ കുട്ടികളോട് കാര്യങ്ങൾ വിശദീകരിക്കുന്ന രീതിയിലാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ മേഖലയാണ് മികച്ച വിദ്യാഭ്യാസം നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്താലും നിയമനടപടികളെ നേരിടുമെന്നും മുൻകൂർ ജാമ്യത്തിന് പോകില്ലെന്നും കെ.ടി. ജലീൽ പ്രതികരിച്ചു. വിദ്യാർഥികളെ അപമാനിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.



