ന്യൂഡൽഹി: നോയിഡയിലെ മാമുറയിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. കെട്ടിടത്തിലെ 50 ഓളം കുടുംബങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.
താഴത്തെ നിലയിലെ പാർക്കിങ് ഏരിയയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. ഇലക്ട്രിക് വാഹനം (ഇവി) ചാർജ് ചെയ്യുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഗൗതം ബുദ്ധ നഗർ പൊലീസ് ജോയിന്റ് കമ്മീഷണർ രാജീവ് നരെയ്ൻ അറിയിച്ചത്.
ഇവിയിൽ നിന്നുണ്ടായ തീ സമീപത്ത് പാർക്ക് ചെയ്തിരുന്ന പെട്രോൾ വാഹനങ്ങളിലേക്കും പടർന്നതോടെയാണ് തീ രൂക്ഷമായതെന്നും പൊലീസ് വ്യക്തമാക്കി.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ്, ഫയർഫോഴ്‌സ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഹൈഡ്രോളിക് പ്ലാറ്റ്‌ഫോമുകളും ഗോവണികളും ഉപയോഗിച്ചാണ് കെട്ടിടത്തിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. പുക ശ്വസിച്ച് അവശനിലയിലായ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താഴത്തെ നിലയിലെ പാർക്കിങ് ഭാഗത്ത് നിന്നുള്ള തീയും പുകയും മുകളിലെ നിലകളിലേക്കും വ്യാപിച്ചതായി പൊലീസ് അറിയിച്ചു. ഓരോ നിലയിലും അഞ്ച് കുടുംബങ്ങൾ വീതമാണ് താമസിച്ചിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.




