ബെംഗളൂരു: ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞരുടെ രാജി വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ 120ഓളം ശാസ്ത്രജ്ഞർ രാജിവെക്കുകയോ സ്വയം വിരമിക്കുകയോ ചെയ്തെന്ന് റിപ്പോർട്ടുകൾ.
പ്രധാന ബഹിരാകാശ ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്ക് കണക്കിലെടുത്ത് രാജിയും വിആർഎസ് അപേക്ഷകളും സ്വീകരിക്കുന്ന നടപടികൾ കേന്ദ്ര ബഹിരാകാശ വകുപ്പ് കർശനമാക്കിയതായും റിപ്പോർട്ടുണ്ട്.
ഗഗൻയാൻ ഉൾപ്പെടെയുള്ള പ്രധാന പദ്ധതികളിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞരും ജോലി വിട്ടവരിൽ ഉൾപ്പെടുന്നു. ബെംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ നിന്ന് ഏകദേശം 80 പേരും വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നിന്ന് 20ഓളം പേരും രാജിവെച്ചതായാണ് റിപ്പോർട്ട്. എൽവിഎം 3, സ്പാഡെക്സ്, ചന്ദ്രയാൻ-3 തുടങ്ങിയ പദ്ധതികളുടെ ഡയറക്ടർമാരും അടുത്തിടെ ഐഎസ്ആർഒ വിട്ടവരിൽ ഉൾപ്പെടുന്നു.
പുതിയ നിർദേശപ്രകാരം ഗഗൻയാൻ പോലുള്ള പ്രധാന പദ്ധതികളിൽ പങ്കാളികളായ ശാസ്ത്രജ്ഞരുടെ രാജിയോ സ്വയം വിരമിക്കൽ അപേക്ഷകളോ പദ്ധതികൾ പൂർത്തിയാകുന്നതിന് മുമ്പ് സാധാരണ നടപടിക്രമത്തിലൂടെ സ്വീകരിക്കില്ല. ഇത്തരം അപേക്ഷകൾ കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ അന്തിമ അനുമതിക്ക് അയക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, ജീവനക്കാരുടെ എണ്ണം പരിഗണിക്കുമ്പോൾ രാജിവെക്കുന്നവരുടെ ശതമാനം കുറവാണെന്നും എന്നാൽ പ്രധാന ദൗത്യങ്ങളിൽ പ്രവർത്തിക്കുന്നവരുടെ കൊഴിഞ്ഞുപോക്കാണ് ആശങ്കയുണ്ടാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഐഎസ്ആർഒ ചെയർമാൻ വി. നാരായണനും ജീവനക്കാർ ജോലി വിടുന്ന കാര്യം സ്ഥിരീകരിച്ചു. എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരുടെ മാറ്റങ്ങൾ സാധാരണമാണെന്നും, പ്രധാന പദ്ധതികളെ ബാധിക്കാത്ത വിധം ഉത്തരവാദിത്തങ്ങൾ കൈമാറാൻ ഐഎസ്ആർഒ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ മേഖലയിലെ അവസരങ്ങൾ മാത്രമല്ല ജീവനക്കാർ രാജിവെക്കാനുള്ള കാരണമെന്നും ഐഎസ്ആർഒ വിലയിരുത്തുന്നു. മുൻകാലങ്ങളിലും സ്ഥാപനത്തിൽ രാജിയും സ്വയം വിരമിക്കലും ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.




