കാസര്‍കോട്: കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹത്തിൽ ദുരൂഹത ശക്തമാകുന്നു. കടലിൽ ഒഴുകിയെത്തിയ മൃതദേഹം നേരത്തെ പോസ്റ്റ്മോർട്ടം നടത്തിയതാണെന്ന പ്രാഥമിക കണ്ടെത്തലാണ് അന്വേഷണത്തിന് പുതിയ വഴിത്തിരിവായത്.
മൃതദേഹത്തിലുള്ള മുറിവുകൾ പോസ്റ്റ്മോർട്ടത്തിന്റെ ഭാഗമായുണ്ടായതാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഇത് കേരളത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹമല്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മൃതദേഹത്തിന്റെ പ്രായവും വ്യക്തിത്വവും ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് നെല്ലിക്കുന്ന് കടപ്പുറത്ത് ഒരു മാസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. തലയില്ലാത്ത നിലയിലായിരുന്ന മൃതദേഹത്തിൽ കാലിലെ മാംസള ഭാഗങ്ങളും വേർപെട്ടിരുന്നു. അസ്ഥികൾ പുറത്തുകാണുന്ന നിലയിലായിരുന്നു.
മൃതദേഹം മറ്റെവിടെയെങ്കിലും സംസ്കരിച്ച ശേഷം കടലിൽ ഒഴുകിയെത്തിയതാണോ, അല്ലെങ്കിൽ മറ്റേതെങ്കിലും സാഹചര്യത്തിലാണ് കടലിലെത്തിയതോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.




