ഭരണം കിട്ടിയപ്പോൾ തേനും പാലുമൊഴുകുന്ന കാനാൻ ദേശം സ്വപ്നം കണ്ട കോൺഗ്രസുകാരും കുട്ടി കോൺഗ്രസുകാരും ഇപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് വെയിലും മഴയുമേറ്റ് റോഡിലിറങ്ങി പണിയെടുത്ത് നേതാക്കളെ മുഖ്യമന്ത്രി കസേരയിൽ വരെ എത്തിച്ച അണികൾക്ക് ഇപ്പോൾ കിട്ടുന്നത് എട്ടിന്റെ പണിയാണ്. KSU ആണ് ഏറ്റവും ലേറ്റസ്റ്റായി ഈ ലിസ്റ്റിൽ തഴയപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിനായി വിയര്‍പ്പൊഴുക്കിയവരെയും പോഷക സംഘടനക്കാരെയും സര്‍ക്കാര്‍ നിയമനങ്ങളില്‍ ആവശ്യത്തിന് പരിഗണിക്കുന്നില്ലെന്ന തരത്തില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉയര്‍ത്തിയ പരാതി തള്ളുക മാത്രമല്ല, KSU എന്ന സംഘടനയെ ഒറ്റയടിക്ക് തള്ളിപ്പറഞ്ഞിരിക്കുകയാണ് നമ്മുടെ സ്വന്തം മുഖ്യമന്ത്രി വി.ഡി സതീശൻ.
ആര്‍എസ്എസുകാരനെ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചെന്ന ആക്ഷേപത്തില്‍ കെഎസ്യു ഉയര്‍ത്തിയ പ്രതിഷേധവും മുഖ്യമന്ത്രി പുല്ലുപോലെ തള്ളി. സര്‍ക്കാര്‍ പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്യു കമ്മിറ്റിയല്ലെന്ന കടുത്ത പരിഹാസമാണ് മുഖ്യമന്ത്രി അണികൾക്ക് നേരെ എറിഞ്ഞു കൊടുത്തത്.
പ്ലീഡര്‍ നിയമനത്തില്‍ ഒരാള്‍ കോളജില്‍ പഠിക്കുമ്പോൾ കെഎസ്യു, മറ്റൊരാള്‍ ബിജെപി എന്നാണ് പരാതി. എന്നാൽ രസകരമായ കാര്യം, ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നല്കിയ ലിസ്റ്റില്‍ ഈ രണ്ട് പേരും ഉണ്ടായിരുന്നു എന്നതാണ്! രണ്ട് പേരും ഈ സംഘടനയില്‍ അംഗങ്ങളുമാണ്. അവരുടെ പശ്ചാത്തലം കൂടി പരിശോധിച്ച് എജിയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് നിയമനമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. തന്നോട് കെഎസ്യു നേതാക്കള്‍ ആരും പരാതി പറഞ്ഞിട്ടില്ലെന്നും, കെഎസ്യു യൂണിറ്റ് കമ്മിറ്റി ആണോ പ്ലീഡറെ നിയമിക്കുന്നത് എന്നുമുള്ള മുഖ്യമന്ത്രിയുടെ ചോദ്യത്തിൽ കുട്ടി നേതാക്കൾ ശരിക്കും വിയർത്തു.
എന്നാൽ വിട്ടുകൊടുക്കാൻ അലോഷ്യസ് സേവ്യർ തയ്യാറായില്ല. നിയമനവുമായി ബന്ധപ്പെട്ട് കെഎസ്യു ആശങ്ക അറിയിച്ചതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം വീണ്ടും ചോദിക്കുന്നു. നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വസ്തുതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും, കെഎസ്യു സംസ്ഥാന കമ്മിറ്റിക്ക് അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും പറഞ്ഞ അലോഷ്യസ്, മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് അതിന്റെ ഗൗരവം വ്യക്തമാക്കുമെന്നും കൂട്ടിച്ചേർത്തു.
ഇതിനിടെ, കെഎസ്യുവിനെ തള്ളിയ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പരോക്ഷ വിമർശനവുമായി കെഎസ്യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരും രംഗത്തെത്തിയിട്ടുണ്ട്. അധികാരത്തിന്റെ നാല് കാലിൽ കാലുറപ്പിച്ച് ഇരിക്കുന്നവർക്ക്, അതിലേക്കുള്ള പാതയൊരുക്കിയത് യൂണിറ്റ് മുതൽ ഓരോ പ്രവർത്തകരുടെയും ചോരയും നീരും അധ്വാനവും വിയർപ്പുമാണെന്ന് ഗോകുൽ ഫേസ്ബുക്കിലൂടെ ഓർമിപ്പിച്ചു.
ഇന്നലെകളിൽ സമാനതകൾ ഇല്ലാതെ പ്രസ്ഥാനത്തിന് വേണ്ടി അടിത്തട്ട് മുതൽ പ്രവർത്തിച്ചവരെ, ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവനും ജീവിതവും നൽകി ത്യാഗം ചെയ്ത യൂണിറ്റ് മുതലുള്ള പ്രവർത്തകരെ പരിഗണിക്കാതെ താൻപൊയിമ കാണിക്കാൻ തീരുമാനിച്ചാൽ ചരിത്രം ആവർത്തിക്കപ്പെടും എന്നാണ് കുട്ടി നേതാവിന്റെ മുന്നറിയിപ്പ്. ‘പാലം കടക്കുന്നത് വരേ നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ’ എന്ന നിലപാട് ശരിയല്ലെന്ന് വളരെ രൂക്ഷമായ ഭാഷയിൽ തന്നെയാണ് ഗോകുൽ വ്യക്തമാക്കിയിരിക്കുന്നത്.
വെള്ളംകോരിയവരെയും വിറകുവെട്ടിയവരെയും നോക്കുകുത്തിയാക്കുന്ന നയം ഇതാദ്യമായിട്ടല്ല ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കേരളം കാണുന്നത്. ഈ സർക്കാരിന്റെ പല നിയമനങ്ങളും തുടക്കം മുതൽ തന്നെ വിവാദത്തിലാണ്. കോൺഗ്രസുകാരേക്കാൾ മറ്റ് പാർട്ടിക്കാർ പേഴ്സണൽ സ്റ്റാഫുകളിൽ വരെ കയറിക്കൂടുമ്പോൾ, പത്ത് കൊല്ലം പൊലീസിന്റെ അടി കൊണ്ട കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റേയും പ്രവർത്തകർ കണ്ണ് മിഴിച്ചിരിക്കുന്നത് ഇന്നൊരു പതിവ് കാഴ്ച്ചയാണ്. അപ്പോഴല്ലേ ഇന്നലെ മുളച്ചുവന്ന KSU പ്രവർത്തകർ! അഭിപ്രായം പറയാൻ കെഎസ്യു ആരാണെന്നും അവർക്കൊന്നും ഇതിൽ ഒരു കാര്യവുമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ മറുപടി, സ്വന്തം അണികളെ നേതാക്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ നേർചിത്രമാണ് നൽകുന്നത്.
ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവനും ജീവിതവും നൽകി ത്യാഗം ചെയ്ത യൂണിറ്റ് മുതലുള്ള പ്രവർത്തകരെ പരിഗണിക്കാതെ താൻപൊയിമ കാണിക്കാൻ തീരുമാനിച്ചാൽ EMS മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ ചരിത്രം ആവർത്തിക്കപ്പെടും എന്നത് ഒരു ഉദാഹരണമായി മുന്നിലുണ്ടെന്ന് രൂക്ഷ ഭാഷയിൽ മുന്നറിയിപ്പ് നൽകാൻ KSU നേതാക്കളെ പ്രേരിപ്പിച്ചത് ഒറ്റ സംഭവമല്ല, മറിച്ച് കഴിഞ്ഞ രണ്ട് മാസത്തെ അവഗണനകളെല്ലാം കൂടിയാണ്.
ചുരുക്കത്തിൽ, കൊടിയും പിടിച്ച് വെയിലും കൊണ്ട് കാനാൻ ദേശത്തെ തേനും പാലും സ്വപ്നം കണ്ട അണികൾക്ക് ഇപ്പോൾ കിട്ടുന്നത് വെറും ‘ചവർപ്പ്’ മാത്രമാണ്. കസേര ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ താഴെയുള്ളവരുടെ ചോരയും വിയർപ്പും വെറും വെള്ളപ്പാച്ചിലായി കാണുന്ന വലിയ നേതാക്കളുടെ ഈ ‘താൻപോരിമ’ വരുംദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിവെക്കുമെന്നുറപ്പാണ്. ചരിത്രം ആവർത്തിക്കുമെന്ന കുട്ടി നേതാക്കളുടെ മുന്നറിയിപ്പ് മുഖ്യമന്ത്രി കേട്ടഭാവം നടിക്കുമോ, അതോ പഴയ ‘നാരായണ’ മന്ത്രം വിട്ട് ‘കൂരായണ’ ശൈലി തന്നെ തുടരുമോ എന്ന് കാത്തിരുന്ന് കാണാം!




