സൂര്യപേട്ട്: തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിൽ സ്വന്തം മക്കളെ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ദമ്പതികൾ അറസ്റ്റിൽ. ഹുസൂർനഗർ സ്വദേശികളായ നകിരികന്തി രവി (43), ഭാര്യ ഇന്ദു എന്നിവരെയാണ് അഞ്ച് വയസ്സുള്ള ധനുഷിനെയും രണ്ട് വയസ്സുള്ള രേവന്തിനെയും മർദിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുമ്പ് ദണ്ഡുപയോഗിച്ച് കുട്ടികളെ മർദിക്കുകയും ചൂടാക്കിയ വസ്തുക്കളും സിഗരറ്റും ഉപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
കുട്ടികളുടെ കരച്ചിൽ പതിവായി കേട്ടതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെയും ചൈൽഡ് ലൈൻ പ്രവർത്തകരുടെയും സഹായത്തോടെ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചോദ്യം ചെയ്യലിൽ, കുട്ടികൾ തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് തടസ്സമാണെന്ന് കരുതിയാണ് ഇത്തരത്തിൽ പീഡിപ്പിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ചികിത്സയ്ക്കുശേഷം കുട്ടികളെ സർക്കാർ ശിശുഭവനിലേക്ക് മാറ്റി. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെയും ജുവനൈൽ ജസ്റ്റിസ് നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് തുടർനിയമനടപടികൾ സ്വീകരിച്ചുവരികയാണ്.











