പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മലിനീകരണം കണ്ടെത്തി. വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെ വിദ്യാർത്ഥികൾ ആശങ്കയിലായി. ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നത് മലിനജലമാണെന്നാണ് പരാതി.
പിഡബ്ല്യുഡിയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ മലിനജലം കുഴൽക്കിണറിൽ എത്തിയതാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് വിവരം. ഇതിനെ തുടർന്ന് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തി. ചെളിവെള്ളം നിറച്ച ബക്കറ്റുകളുമായാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.
പ്രശ്‌നം രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് പിഡബ്ല്യുഡി വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. ഹോസ്റ്റലുകളിലെ കുഴൽക്കിണറിന് ചുറ്റും കോൺക്രീറ്റ് ചെയ്യുകയും സമീപത്തെ മണ്ണ് നീക്കം ചെയ്യുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.


