ബെംഗളൂരു: കർണാടകയിലെ അനേകലിൽ സ്കൂളിൽ നിന്ന് 30 രൂപ മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് മനംനൊന്ത് എട്ടാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയതായി പരാതി. സർക്കാർ സ്കൂളിലെ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിദ്യാർഥിനി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്കൂളിൽ നടന്ന പണമോഷണത്തിൽ തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചെന്നും അധ്യാപകർ അപമാനിക്കുകയും ശകാരിക്കുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറിപ്പിൽ പറയുന്നു.
സ്കൂളിൽ നിന്ന് 20 രൂപയും പിന്നീട് 10 രൂപയും നഷ്ടപ്പെട്ട സംഭവങ്ങളിൽ അധ്യാപകർ തന്നെ സംശയിച്ചതായും കുറ്റപ്പെടുത്തലും അപമാനവും സഹിക്കാനാകാതെയാണ് ജീവൻ അവസാനിപ്പിക്കുന്നതെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
“തനിക്ക് ഇനി ജീവിക്കാൻ അർഹതയില്ല. അമ്മയും സഹോദരങ്ങളും ക്ഷമിക്കണം. തന്റെ മരണത്തിന് അമ്മയെ ആരും ഉത്തരവാദിയാക്കരുത്. ഇത് സ്വന്തം തീരുമാനമാണ്” എന്നും കുറിപ്പിലുണ്ട്.
സംഭവസമയത്ത് കുട്ടിയുടെ അമ്മ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് വിദ്യാർഥിനി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെയാണ് ബന്ധുക്കൾ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലായിരുന്ന അമ്മയെ വിവരം അറിയിക്കുകയായിരുന്നു.
വീട്ടിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നതുപോലെ അധ്യാപകരുടെ കുറ്റപ്പെടുത്തലും അപമാനവുമാകാം മരണത്തിന് കാരണമായതെന്നും, ഏത് അധ്യാപകരാണ് കുട്ടിയെ ഇത്തരത്തിൽ പെരുമാറിയതെന്ന് വ്യക്തമല്ലെന്നും അവർ പ്രതികരിച്ചു. സംഭവത്തിൽ അനേകൽ സൂര്യനഗർ പൊലീസ് അന്വേഷണം തുടരുകയാണ്.











