തിരുവനന്തപുരം: സ്ത്രീകളെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ഗതാഗതമന്ത്രി സി പി ജോൺ ഖേദം പ്രകടിപ്പിച്ചു. അത്തരത്തിൽ സംസാരിക്കരുതായിരുന്നു എന്നും തന്റെ വാക്കുകൾ കൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകളോട് സർക്കാരിന് യാതൊരു വിവേചനവുമില്ലെന്നും കെഎസ്ആർടിസിയിലെ സൗജന്യ യാത്ര സ്ത്രീകളുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനാലാണോ ഖേദം പ്രകടിപ്പിച്ചതെന്ന ചോദ്യത്തിന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി മറുപടി നൽകി. പ്രിയദർശിനി പദ്ധതി യുഡിഎഫ് ആരംഭിച്ച അഭിമാനകരമായ പദ്ധതിയാണെന്നും അത് തുടരുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി അവസാനിപ്പിക്കുമെന്ന ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ദാരിദ്ര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അത് കുറയ്ക്കാൻ പ്രിയദർശിനി പദ്ധതി സഹായകരമാണെന്നും മന്ത്രി പറഞ്ഞു. കൂടുതൽ യാത്രക്കാർ ഉള്ള റൂട്ടുകളിൽ കൂടുതൽ ബസുകൾ സർവീസ് നടത്തുമെന്നും കെഎസ്ആർടിസിയിലെ പല ബസുകൾക്കും പഴക്കമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വിവാദ പരാമർശം. ബസിൽ യാത്ര ചെയ്യാൻ പണമില്ലെന്ന് പറയുന്ന ചില സ്ത്രീകൾ കുട്ടികളെ ഫീസ് നൽകുന്ന സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നുവെന്നും ചിലർ ദാരിദ്ര്യം അഭിനയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. പ്രതിപക്ഷ നേതാക്കളും മന്ത്രിയുടെ പരാമർശത്തെ ശക്തമായി വിമർശിച്ചിരുന്നു. വിമർശനം ശക്തമായതിനെ തുടർന്നാണ് മന്ത്രി പിന്നീട് ഖേദം പ്രകടിപ്പിക്കുകയും തന്റെ വാക്കുകൾ ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന് സമ്മതിക്കുകയും ചെയ്തത്.




