മഡ്രിഡ്: സ്പാനിഷ് ഫുട്ബോളിലെ പുത്തൻ താരോദയമാണ് ലമീൻ യമാൽ. വളരെ വേഗം പ്രശസ്തിയിലേക്കുയർന്ന യമാൽ, 19–ാം വയസ്സിൽ ഫുട്ബോൾ ലോകകപ്പും നേടിയതിന്റെ സന്തോഷത്തിലാണ്. ഇതിനിടെ ആരാധകരിൽ ആകാക്ഷയുണർത്തി മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവരുന്നുണ്ട്. ബാർസിലോന താരം ഒരു അച്ഛനാകാൻ പോകുന്നു എന്നാണ് അഭ്യൂഹം. താരത്തിന്റെ പങ്കാളിയായ 21 വയസ്സുകാരി ഇനസ് ഗാർസിയ സാന്റോസ് പങ്കുവച്ച ഒരു വിഡിയോയാണ് അഭ്യൂഹങ്ങൾക്കു കാരണം.
ടിക്ടോക്കിൽ ഗർഭിണിയായ യുവതി പങ്കുവച്ച വിഡിയോ ഇനസ് ഗാർസിയ റിപ്പോസ്റ്റ് ചെയ്യുകയായിരുന്നു. ‘നമ്മൾ കാരണം തുടിക്കുന്ന ഒരു ഹൃദയത്തെ’ ഉള്ളിൽ ചുമക്കുന്നതിന്റെ അനുഭവം പങ്കുവച്ചുകൊണ്ടുള്ള കുറിപ്പ് സഹിതമായിരുന്നു വിഡിയോ. ഇതാണ് പെട്ടെന്ന് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. ഇതു താനും അതേ അവസ്ഥയിലൂടെ കടന്നു പോകുകയാണെന്ന ഇനസിന്റെ പരോക്ഷ വെളിപ്പെടുത്തലാണോ അതോ തികച്ചും യാദൃശച്ഛികമായി ഒരു വിഡിയോ റീപോസ്റ്റ് ചെയ്തതാണോ എന്നതിൽ വ്യക്തതയില്ല. ഇരുവരുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തിൽ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടുമില്ല. ഫാഷൻ ഇൻഫ്ലുവൻസറായ ഇനസിന് ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും പത്തു ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്.


