തൃശൂർ: കുന്നംകുളം പെരുമ്പിലാവിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ മോഷണം. വീട്ടിൽ സൂക്ഷിച്ചിരുന്ന പതിമൂന്നര പവൻ സ്വർണവും 10,000 രൂപയും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടാക്കൾ കവർന്നു.
പെരുമ്പിലാവ് പട്ടാമ്പി റോഡിലെ വെളുത്ത വളപ്പിൽ അക്ബറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ അക്ബറും കുടുംബവും വീട്ടിൽ നിന്ന് പുറത്തുപോയിരുന്നു. രാത്രി 8.30ഓടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്.
മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചത്. അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണം, പണം, ആധാർ കാർഡ്, ആർസി ബുക്ക് തുടങ്ങിയവയും നഷ്ടപ്പെട്ടു. അലമാരകളിലെ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
പിന്നിലെ ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ പുറത്തുകടന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. അക്ബർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ സനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.


