തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ശക്തമായ മഴയെ തുടർന്ന് വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്.
കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ബീച്ചുകളിലേക്കുള്ള യാത്രയും കടലിൽ വിനോദപ്രവർത്തനങ്ങളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, മഴയുടെ ശക്തി കുറഞ്ഞതോടെ മധ്യകേരളത്തിൽ പ്രളയസാഹചര്യം പതുക്കെ മെച്ചപ്പെടുകയാണ്. ആറന്മുളയിലും റാന്നിയിലും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും സ്ഥിതി പൂർണമായും സാധാരണ നിലയിലാകാൻ ഇനിയും രണ്ട് ദിവസം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. വീടുകൾ വൃത്തിയാക്കുന്ന ജോലികൾ തുടരുകയാണ്. ആലപ്പുഴയിലെ ചില താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. ഇടുക്കിയിൽ രാത്രികാല യാത്രയ്ക്കും ഖനന പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ വിലക്ക് തുടരും. മഴക്കെടുതിയും തുടർനടപടികളും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ചയാകും. ആറന്മുള ഉൾപ്പെടെയുള്ള ദുരിതബാധിത പ്രദേശങ്ങൾക്ക് പ്രത്യേക സഹായപദ്ധതി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.




