തിരുവനന്തപുരം: കേരളത്തിൽ 10 നിയമസഭാ സീറ്റുകളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലക്കാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപിയെ സഹായിക്കാനായി സിപിഎം ദുർബലരായ സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ധാരണയുള്ള മണ്ഡലങ്ങൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
ബിജെപിയുമായി അവിഹിതബന്ധം ഉണ്ടാക്കിയത് സിപിഎമ്മാണെന്നും, ചിലയിടങ്ങളിൽ സിപിഎമ്മിനെ സഹായിക്കാൻ ട്വന്റി-20 ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ടെന്നും സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ‘ഇരട്ടച്ചങ്കൻ’ അല്ലെന്നും മറിച്ച് 90 ഡിഗ്രി വളഞ്ഞുനിൽക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം പരിഹസിച്ചു.
സതീശൻ ‘നുണയൻ’ ആണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയ്ക്കും അദ്ദേഹം മറുപടി നൽകി. കേരളത്തിലെ ഏറ്റവും വലിയ നുണയന്മാരിൽ ഒരാളാണ് ഗോവിന്ദനെന്നും, നുണ പറയുന്നവർക്കുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് നൽകണമെന്നും സതീശൻ പറഞ്ഞു. വീണ ജോർജിന്റെ കഴുത്ത് ഞെരിച്ചുവെന്ന് ഉൾപ്പെടെയുള്ള പെരും നുണകളാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിനെയും പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. നൂലിൽ കെട്ടിയിറക്കിയ വ്യക്തിയാണ് രാജീവ് ചന്ദ്രശേഖറെന്നും കോൺഗ്രസിനെ അധിക്ഷേപിക്കാൻ അദ്ദേഹത്തിന് എന്ത് യോഗ്യതയാണുള്ളതെന്നും സതീശൻ ചോദിച്ചു. ബിജെപിയുടെ സീറ്റിലല്ല അദ്ദേഹം രാജ്യസഭയിൽ എത്തിയതെന്നും സതീശൻ ഓർമ്മിപ്പിച്ചു.






