കണ്ണൂർ: ദിവ്യ എസ് അയ്യർക്ക് പിൻതുണയുമായി കൂടുതൽ സിപിഎം നേതാക്കൾ രംഗത്ത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യക്കെതിരെ ഉയർന്ന സെെബർ ആക്രമണത്തെ അപലപിച്ചു കൊണ്ടാണ് സിപിഎം നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. സിപിഎം നേതാക്കളായ കെകെ ശൈലജയും ഇപി ജയരാജനും ദിവ്യക്ക് പിന്തുണയുമായി രംഗത്തെത്തി.
ദിവ്യ എസ് അയ്യർക്കെതിരായ സൈബർ ആക്രമണം അപലപനീയമാണെന്ന് കെകെ ശൈലജ പറഞ്ഞു. സഹപ്രവർത്തകർ ചില സ്ഥാനങ്ങളിലേക്ക് വന്നാൽ പ്രശംസിക്കുന്നത് സ്വാഭാവികമാണെന്ന് ഇപി ജയരാജനും പ്രതികരിച്ചു. അപകീർത്തികരമായ വാർത്തകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഗുണകരമാണോ എന്ന് കോൺഗ്രസ് നേതൃത്വം ചിന്തിക്കണമെന്നും ഇപി പറഞ്ഞു.



