തിരുവനന്തപുരം: മുതലപ്പൊഴിയിൽ പൊഴിമുറിക്കാനുള്ള നടപടികൾ നാളെ രാവിലെ മുതൽ ആരംഭിക്കും. മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പൊഴിമുറിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. നീക്കം ചെയ്യുന്ന മണൽ പൊഴിമുഖത്തിന്റെ വലത് ഭാഗത്തേക്ക് നീക്കും. മണൽ നീക്കത്തിന് കൂടുതൽ യന്ത്ര സംവിധാനങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.
മുതലപ്പൊഴിയിൽ പൊഴി മുറിച്ചില്ലെങ്കിൽ 5 പഞ്ചായത്തുകൾ വെള്ളത്തിൽ ആകും. ഇത് മുന്നിൽകണ്ടാണ് യുദ്ധകാല അടിസ്ഥാനത്തിൽ പൊഴി മുറിക്കാനുള്ള നടപടികളുമായി വകുപ്പ് മുന്നോട്ടുപോകുന്നത്. പൊലീസിന്റെ സഹായത്തോടെ നാളെ രാവിലെ മുതൽ പൊഴി മുറിച്ചു തുടങ്ങുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഒരു മാസത്തിനകം മണൽ നീക്കം പൂർത്തിയാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.




