കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ സംസ്ഥാന പൊലീസ് ഉപമേധാവി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ് ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. 30.84 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവിക്കണം.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉദ്യോഗസ്ഥൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചത് ഗൗരവമുള്ള വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു.
2003 മുതൽ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവിൽ 64 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. വിജിലൻസ് നടത്തിയ പരിശോധനയിൽ 64.70 ലക്ഷം രൂപയുടെ ചെലവ് കണ്ടെത്തിയെങ്കിലും ഇതിന്റെ വരുമാന സ്രോതസ് സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ലെന്നാണ് പ്രോസിക്യൂഷൻ വാദം.
2013ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് കോട്ടയം വിജിലൻസ് കോടതി നടപടികൾ പൂർത്തിയാക്കിയത്. കേസിൽ 13 വർഷത്തിന് ശേഷമാണ് നിർണായക വിധി വന്നത്.
ആഭ്യന്തരവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡിജിപി, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവരെ പ്രതിഭാഗം സാക്ഷികളായും വിസ്തരിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച കേസ് പിന്നീട് കോട്ടയത്തേക്ക് മാറ്റുകയായിരുന്നു.
സ്വത്തുക്കൾ കുടുംബവിഹിതമായും ഇഷ്ടദാനമായും ലഭിച്ചതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. എന്നാൽ ഇത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. 2007ൽ ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ വിധി പ്രസ്താവിക്കുന്ന ഘട്ടത്തിൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാദവും തച്ചങ്കരി കോടതിയിൽ ഉന്നയിച്ചിരുന്നു. കോട്ടയം എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജി (വിജിലൻസ്) കെ.വി. രജനീഷാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. ശ്രീകാന്ത് ഹാജരായി.




