തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്നു. സാധാരണ നിലയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയാണ് വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയത്. കൊല്ലം പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് — 37 ഡിഗ്രി സെൽഷ്യസ്. തിരുവനന്തപുരം സിറ്റിയിൽ 35.4 ഡിഗ്രിയും പാലക്കാട് 35.2 ഡിഗ്രിയും കോഴിക്കോട് സിറ്റിയിൽ 35.1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
അതേസമയം, സംസ്ഥാനത്ത് മഴയുടെ കുറവും തുടരുകയാണ്. ഇതുവരെ സാധാരണ ലഭിക്കേണ്ടതിനെക്കാൾ 28 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാടും ഇടുക്കിയുമാണ് മഴക്കുറവ് ഏറ്റവും കൂടുതലുള്ള ജില്ലകൾ. വയനാട്ടിൽ സാധാരണയേക്കാൾ 54 ശതമാനവും ഇടുക്കിയിൽ 47 ശതമാനവും മഴ കുറഞ്ഞു.
അതിനിടെ, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പുള്ള ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
സെപ്റ്റംബർ 18ന് ഇടുക്കിയിലും സെപ്റ്റംബർ 19ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 20ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് നിലവിലുണ്ടാകും.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പകൽ സമയത്ത് ജാഗ്രത പാലിക്കണമെന്നും മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.


