മലയാള സിനിമയിൽ ഒട്ടേറെ പ്രേക്ഷകരുള്ള താരങ്ങളിൽ ഒരാളാണ് ആസിഫ് അലി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ആസിഫ് അലിയുടെ വ്യക്തിപ്രഭാവത്തെ ഇഷ്ടപ്പെടാത്ത മലയാളികൾ പൊതുവേ കുറവാണ്. ആർക്കും ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന നായക നടനാണ് ആസിഫ് അലി. താൻ ഏറ്റെടുക്കുന്ന കഥാപാത്രങ്ങൾക്ക് സാധാരണ ജീവിതവുമായി ഏറെ ബന്ധം പുലർത്തുന്ന സവിശേഷത ആസിഫ് അലിയുടെ മികവാണ്. ആ മികവ് തന്നെയാണ് ആസിഫ് അലിയെ ജനങ്ങൾക്കിടയിൽ അവരുടെ പ്രിയപ്പെട്ട നടനാക്കി മാറ്റിയത്. പല കാലഘട്ടങ്ങളിലും ആസിഫിന്റെ രാഷ്ട്രീയം സംബന്ധിച്ച് ചൂടൻ ചർച്ചകൾ ഇവിടെ നടന്നിട്ടുണ്ട്.
‘എല്ലാം ശരിയാവും’ എന്ന ചിത്രത്തിൽ ഉയർന്ന കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ പിന്തുടരുന്ന ഇടത് രാഷ്ട്രീയക്കാരന്റെ വേഷമായിരുന്നു ആസിഫിന്റേത്. മുഴുനീളെ രാഷ്ട്രീയം പറയുന്ന ചലച്ചിത്രമായിരുന്നു എല്ലാം ശരിയാവും എന്നത്. വലതുപക്ഷ രാഷ്ട്രീയ കുടുംബത്തിലെ പെൺകുട്ടിയെ ആസിഫ് അലി പ്രേമിക്കുന്നതും തുടർന്ന് വിവാഹം കഴിക്കുന്നതും അദ്ദേഹം നേരിടുന്ന പ്രതിസന്ധികളും രാഷ്ട്രീയ സാഹചര്യങ്ങളും എല്ലാം ചേർന്നതായിരുന്നു ചലച്ചിത്രം.
തീയറ്ററുകളിൽ വലിയ ഓളം സൃഷ്ടിച്ചില്ലെങ്കിലും പ്രേക്ഷകർ ഏറ്റെടുത്ത ചലച്ചിത്രമായിരുന്നു എല്ലാം ശരിയാകും. ചിത്രത്തിലെ പല രംഗങ്ങളും ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ ഇടതു പ്രൊഫൈലുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്നതിന്റെ നേർസാക്ഷ്യമായി ആസിഫിന്റെ കഥാപാത്രത്തെ പലരും ഉയർത്തിക്കാട്ടിയിരുന്നു.
സിനിമയിലെ ആ കർക്കശക്കാരനായ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്ന ആസിഫിലെ കമ്മ്യൂണിസ്റ്റുകാരൻ യഥാർത്ഥ ജീവിതത്തിലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും ആസിഫലി ഉൾപ്പെടെയുള്ള ഒരുകൂട്ടം ചലച്ചിത്ര പ്രവർത്തകരെ ഇടതുമുന്നണി മത്സരിപ്പിക്കുവാൻ ശ്രമിക്കുന്നതായി അഭ്യൂഹങ്ങൾ പടർന്നിരുന്നു.
പൊതുവേ കലാരംഗത്ത് പ്രവർത്തിക്കുന്നവർ ഏറെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പിന്തുടരുന്നവരാണ്. എല്ലാകാലത്തും ചലച്ചിത്ര മേഖലയിൽ നിന്നും ആരെങ്കിലും കമ്മ്യൂണിസ്റ്റ് സർക്കാരുകളുടെ ഭാഗമായിട്ട് ഉണ്ടായിരിക്കും. ഇപ്പോഴത്തെ സർക്കാരിന്റെ ഭാഗമായുള്ള കെബി ഗണേഷ് കുമാറും എം മുകേഷും എല്ലാം ചലച്ചിത്ര മേഖലയിൽ കൂടി തിളങ്ങി നിൽക്കുന്നവരാണ്. തൃശ്ശൂരിലെ ബിജെപിയുടെ എംപി സുരേഷ് ഗോപിയും മലയാള സിനിമയിലെ പകരക്കാരൻ ഇല്ലാത്ത നടന വിസ്മയമാണ്. വിജയിച്ചില്ലെങ്കിലും നിയമസഭയിലേക്ക് മത്സരിച്ച ഒട്ടേറെ ചലച്ചിത്ര താരങ്ങളും വേറെയുണ്ട്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഒരുപിടി ചലച്ചിത്ര താരങ്ങൾ മത്സരിക്കുവാൻ കാത്തിരിക്കുന്നുണ്ട്. കോൺഗ്രസ് ഒരു ഘട്ടത്തിൽ പ്രമുഖ നടൻ സിദ്ദീഖിനെയും നിർമ്മാതാവ് ആന്റോ ജോസഫിനെയും തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ പരിഗണിച്ചിരുന്നു. ആന്റോ ജോസഫിനെ കോൺഗ്രസിന്റെ പോയാ സംഘടനയുടെ നിർണായക പദവി ഏൽപ്പിക്കുകയും ചെയ്തിരുന്നു. ശരിക്കും ഇടവേള ബാബുവിനെയും പിഷാരടിയേയും കോൺഗ്രസിലേക്ക് അടുപ്പിച്ചത് ആന്റോ ജോസഫ് ആയിരുന്നു. മലയാള സിനിമയിൽ തങ്ങൾ കോൺഗ്രസ് ആണെന്ന് പറയുവാൻ ചലച്ചിത്രതാരങ്ങൾ പൊതുവേ മടിക്കുന്ന ഒരു കാലത്തായിരുന്നു പിഷാരടിയും ആന്റോ ജോസഫും ഇടവേള ബാബുവും ഉൾപ്പെടെയുള്ളവർ തങ്ങളുടെ രാഷ്ട്രീയം വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നത്.
ചലച്ചിത്രതാരം മമ്മൂട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ആന്റ്റോ ജോസഫും പിഷാരടിയും. ചെറുപ്പം മുതൽക്കേ ഇടതുപക്ഷ രാഷ്ട്രീയത്തോട് അനുഭാവമുള്ള നടൻ മമ്മൂട്ടി പാർട്ടി സ്ഥാപനമായ കൈരളിയുടെ സുപ്രധാന പദവി വഹിക്കുന്ന ഒരാൾ കൂടിയാണ്. എന്നാൽ തന്റെ രാഷ്ട്രീയം അനുഭാവത്തിനപ്പുറത്തേക്ക് വേർതിരിവുകൾക്കുള്ള സാധ്യതയായി കാണാത്ത മനുഷ്യൻ കൂടിയാണ് മമ്മൂട്ടി. അത്തരത്തിലുള്ള മമ്മൂട്ടിയുടെ പിന്തുണയും ആന്റോ ജോസഫിനും പിഷാരടിക്കും പല ഘട്ടങ്ങളിലും ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളെ തുടർന്ന് സിദ്ദീകും മറ്റ് ചില വിവാദങ്ങളിൽ പെട്ട ആന്റോ ജോസഫും വിമർശനങ്ങൾ നേരിടുമ്പോൾ അവർക്ക് വരുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടുന്നതിനുള്ള സാധ്യതകൾ കോൺഗ്രസിൽ കുറവാണ്. എന്നാൽ പിഷാരടിക്ക് തൃപ്പൂണിത്തറ മണ്ഡലത്തിൽ സീറ്റ് ലഭിക്കുവാനുള്ള സാധ്യതകൾ ഏറെയാണ്. ഏതായാലും കെ ബാബു അടുത്ത തവണ മത്സരിക്കുവാനുള്ള സാധ്യത കുറവാണ്.
ബാബുവിനെ പരിഗണിക്കാതെ ഇരിക്കുമ്പോൾ ഒട്ടേറെ കോൺഗ്രസ് നേതാക്കൾ ആ സീറ്റിനുവേണ്ടി രംഗത്ത് വരുമെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർക്ക് പിഷാരടി തന്നെ തൃപ്പൂണിത്തറയിൽ മത്സരിക്കണം എന്നാണ് ആഗ്രഹം. അതേസമയം തികഞ്ഞ രാഷ്ട്രീയം സംസാരിക്കാറുള്ള രാഷ്ട്രീയ പ്രബുദ്ധമായ തൃപ്പൂണിത്തറ പോലെ ഒരു മണ്ഡലത്തിൽ ഒരു സിനിമാതാരത്തിന് എത്രകണ്ട് വിജയിക്കുവാൻ കഴിയുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. ഇടതുപക്ഷത്തേക്ക് വന്നാൽ ഏതായാലും മുകേഷിന് അടുത്ത തവണ സീറ്റ് കിട്ടാൻ യാതൊരു സാധ്യതയുമില്ല.
കണ്ണൂരിലെ ഏതെങ്കിലും മണ്ഡലത്തിൽ നടി നിഖില വിമൽ സ്ഥാനാർത്ഥിയാകുമെന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഒരു പ്രചാരണം നടക്കുന്നുണ്ട്. അതുപോലെ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന മറ്റൊരു പ്രചാരണമാണ് തൃക്കാക്കരയിൽ ആസിഫ് അലി ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നത്. കഴിഞ്ഞദിവസം ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരണപ്പെട്ട സാഹചര്യത്തിൽ ഷൈൻ എതിരെയുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ആക്രമണങ്ങൾക്കെതിരെ ആദ്യം രംഗത്തുവന്നത് ആസിഫലി ആയിരുന്നു. എല്ലാവരും ഉപാധികൾ ഇല്ലാതെ ഷൈനൊപ്പം നിൽക്കേണ്ട സാഹചര്യമാണ് ഇതെന്നായിരുന്നു ആസിഫ് പറഞ്ഞത്.
അത്തരത്തിൽ ഉയർന്ന മാനുഷികമൂല്യങ്ങളെ പിന്തുടരുന്ന നടനാണ് ആസിഫ് അലി. ആ മൂല്യങ്ങൾ തന്നെയാണ് തൃക്കാക്കരയിൽ ആസിഫിന്റെ പേര് ഇടത് സ്ഥാനാർത്ഥിയായി ചർച്ചയിലേക്ക് വരുന്നതിന്റെ അടിസ്ഥാനവും. അതേസമയം സാമൂഹ്യ മാധ്യമങ്ങളിൽ സ്ഥാനാർത്ഥിത്വം ചൂടൻ ചർച്ചയായി മാറുമ്പോഴും എവിടെയും യാതൊരുവിധ പ്രതികരണങ്ങളും ആസിഫലി നടത്തിയിട്ടില്ല.
Content: CPM makes a crucial move in Thrikkakara; Asif Ali may contest



