തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവും 79,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനു (40)വിനാണ് ശിക്ഷ. ഇയാൾക്കെതിരായ മൂന്നാമത്തെ കേസിലാണ് ഇപ്പോഴത്തെ വിധി.
ഇതിന് മുമ്പുള്ള രണ്ട് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. രണ്ടാം കേസിൽ 35 വർഷം കഠിന തടവാണ് ലഭിച്ചത്. നിലവിലെ കേസിലെ ശിക്ഷ ആദ്യ രണ്ട് കേസുകളിലെ ശിക്ഷാകാലാവധി പൂർത്തിയായ ശേഷമേ ആരംഭിക്കൂ. ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 427 പ്രകാരം ഓരോ കേസിലെയും ശിക്ഷ തുടർച്ചയായി അനുഭവിക്കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചാണ് പ്രത്യേക ശിക്ഷാകാലാവധി വിധിച്ചത്.
ഇതിനുപുറമെ സമാനമായ നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ആ കേസിലെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.
തിരുവനന്തപുരത്തെ ഒരു പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2018 മുതൽ പരിശീലനത്തിനായി എത്തിയ പെൺകുട്ടിയെ ജിമ്മിലേക്കും ബാത്ത്റൂമിലേക്കും കൊണ്ടുപോയി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതായും മറ്റൊരു അതിജീവിതയെ ഭീഷണിപ്പെടുത്തി ഈ കുട്ടിയുടെ നഗ്നദൃശ്യങ്ങൾ ചിത്രീകരിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിയുടെ ആവശ്യങ്ങൾക്ക് വഴങ്ങാതിരുന്നതിനെ തുടർന്ന് പെൺകുട്ടിക്ക് ശരിയായ പരിശീലനം നൽകാതിരുന്നതായും ഇതിനെ തുടർന്ന് 2019-ൽ മറ്റൊരു പരിശീലന കേന്ദ്രത്തിലേക്ക് മാറിയതായും അന്വേഷണത്തിൽ വ്യക്തമായി. പീഡനവിവരം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വർഷങ്ങളോളം മൗനം പാലിക്കുകയായിരുന്നു.
ഇതേ കോച്ചിങ് സെന്ററിൽ പരിശീലനം നേടിയ മറ്റ് അഞ്ച് പെൺകുട്ടികളെയും പ്രതി ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഭയത്തെ തുടർന്ന് ഇവരും സംഭവം പുറത്തറിയിക്കാതെ പരിശീലന കേന്ദ്രം വിട്ടുപോയിരുന്നു.
2024-ൽ തിരുവനന്തപുരത്ത് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിനിടെ അതിജീവിതകളിൽ ഒരാൾ പ്രതിയെ വീണ്ടും കണ്ടതോടെ ഭയന്ന് പ്രതികരിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുകയും പരാതികൾ ഉയരുകയും ചെയ്തത്. തുടർന്ന് മറ്റ് അതിജീവിതകളും മുന്നോട്ടുവന്നതോടെ പ്രതിക്കെതിരെ ആകെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ മൂന്ന് കേസുകളിൽ ഇതിനകം ശിക്ഷ വിധിച്ചിട്ടുണ്ടെന്നും നാലാമത്തെ കേസിലെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.






