വിവോ, ഐക്യു സ്മാർട്ട്‌ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് വ്യാപകമാകുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. ‘അടിയന്തര സിസ്റ്റം അപ്‌ഡേറ്റ്’ എന്ന പേരിൽ ഫോൺ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ സന്ദേശങ്ങൾ വഴിയാണ് തട്ടിപ്പുകാർ ഉപയോക്താക്കളെ വലയിലാക്കുന്നത്. ഒറിജിൻ ഒഎസ് അപ്‌ഡേറ്റ് എന്ന വ്യാജേന വരുന്ന ഇത്തരം സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോണുകളിലേക്ക് അപകടകരമായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടുകയും ചെയ്യുന്നു. ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങൾ കൈക്കലാക്കി അക്കൗണ്ടുകളിൽ നിന്ന് പണം തട്ടുകയാണ് ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യം.
ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി എത്തുന്ന പോപ്പ്-അപ്പ് സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ഔദ്യോഗിക അപ്‌ഡേറ്റുകൾക്ക് പകരം മാൽവെയറുകൾ അടങ്ങിയ എപികെ ഫയലുകളാണ് ഡൗൺലോഡ് ആകുന്നത്. ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്തും. ഇതോടെ ഫോണിലെ ക്യാമറ, മൈക്രോഫോൺ, എസ്എംഎസ്, കോൺടാക്‌ട് വിവരങ്ങൾ എന്നിവ ഉപയോക്താവ് അറിയാതെ തന്നെ ചോർത്താൻ അവർക്ക് സാധിക്കും. ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഒടിപികൾ തട്ടിപ്പുകാർക്ക് ലഭ്യമാകാൻ ഇത് വഴിയൊരുക്കുന്നു.
ഇത്തരത്തിലുള്ള സൈബർ കെണികളിൽ വീഴാതിരിക്കാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിക്കുന്നു. ഫോണിലെ സെറ്റിംഗ്‌സ് (Settings) മെനുവിനുള്ളിലെ ‘സിസ്റ്റം അപ്‌ഡേറ്റ്’ എന്ന ഓപ്ഷൻ വഴി ലഭിക്കുന്ന ഔദ്യോഗിക അപ്‌ഡേറ്റുകൾ അല്ലാതെ, ബ്രൗസറുകൾ വഴിയോ മറ്റ് മെസേജുകൾ വഴിയോ വരുന്ന ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. അപരിചിതമായ സ്രോതസ്സുകളിൽ നിന്നുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും തട്ടിപ്പിനിരയായാൽ ഉടൻ തന്നെ സൈബർ പോലീസിനെ വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.




