തൃശ്ശൂർ : കനൽവഴികൾ താണ്ടി നൃത്തവേദിയിലെത്തിയ അദിത്യൻ എം. കുമാറിന് സംസ്ഥാന സ്കൂൾ കലോത്സവം അതിജീവനത്തിന്റെ മധുരനിമിഷമായി. ഹൈസ്കൂൾ വിഭാഗം കേരള നടനത്തിൽ ‘എ’ ഗ്രേഡ് നേടി തിരുവനന്തപുരം വെങ്ങാന്നൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അദിത്യൻ ശ്രദ്ധേയനായി.പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് പ്രവാസിയായിരുന്ന അച്ഛൻ എ. കുമാറിന്റെ അപ്രതീക്ഷിത മരണം കുടുംബത്തെ ആഴത്തിൽ ബാധിച്ചെങ്കിലും, ആ പ്രതിസന്ധികളെ അതിജീവിച്ചാണ് അദിത്യൻ നൃത്തവേദിയിൽ തന്റെ കഴിവ് തെളിയിച്ചത്. തിരുവല്ലം വണ്ടിത്തടം എം.കെ. ഭവനിൽ താമസിക്കുന്ന അമ്മ മിനിമോൾ ഹോർട്ടികോർപ്പിൽ താത്കാലിക ജോലിയെടുത്താണ് മകന്റെ കലാസ്വപ്നങ്ങൾക്ക് കരുത്തായി നിന്നത്.
ഗുരു ജയകൃഷ്ണൻ പേയാട് ഫീസ് വാങ്ങാതെയാണ് അദിത്യനെ നൃത്തത്തിൽ പരിശീലിപ്പിച്ചത്. സംസ്ഥാന കലോത്സവത്തിൽ അദിത്യൻ മാറ്റുരയ്ക്കുന്നത് ഇത് രണ്ടാം തവണയാണ്.കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ ഭരതനാട്യം അവതരിപ്പിക്കാനുള്ള സുവർണാവസരവും അദിത്യന് ലഭിച്ചിരുന്നു. എൻ.എസ്.എസ് വോളണ്ടിയറായി കേരള–ലക്ഷദ്വീപ് സംഘത്തെ പ്രതിനിധീകരിച്ചെത്തിയ അദിത്യന് അന്നത്തെ പ്രകടനത്തിന് ബെസ്റ്റ് മെഡാലിയൻ അവാർഡും ലഭിച്ചിരുന്നു.










