കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ കനത്ത മഴയിലും വ്യാപകമായ മണ്ണിടിച്ചിലിലും മരണം 23 ആയി. മരിച്ചതില്‍ 7 പേര് കുട്ടികളാണ്.ദുരന്തത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി, റോഡുകള്‍ തകര്‍ന്നു, ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു, വ്യാപകമായ നാശനഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ഒറ്റപ്പെടുകയും ചെയ്തു.
ദേശീയ ദുരന്ത നിവാരണ സേനയും (NDRF) പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ്, ജല്‍പായ്ഗുരി ജില്ലാ ഭരണകൂടങ്ങളും ശേഖരിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം, സര്‍സാലി, ജസ്ബിര്‍ഗാവ്, മിരിക് ബസ്തി, ധര് ഗാവ് (മെച്ചി), മിരിക് തടാക പ്രദേശം, ജല്‍പായ്ഗുരി ജില്ലയിലെ നാഗരകത പ്രദേശം എന്നിവിടങ്ങളില്‍ നിരവധി പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.സ്ഥിതിഗതികള്‍ വഷളായതോടെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാന സെക്രട്ടേറിയറ്റ് നബന്നയില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. ഇന്ന് മമത വടക്കന്‍ ബംഗാള്‍ സന്ദര്‍ശിക്കും.
2015-ല്‍ ഡാര്‍ജിലിംഗില്‍ 40-ഓളം പേരുടെ മരണത്തിന് കാരണമായ മണ്ണിടിച്ചിലിന് ശേഷമുള്ള ഏറ്റവും ഭീകരമായ മണ്ണിടിച്ചില്‍ എന്ന് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ച ഈ മണ്ണിടിച്ചില്‍, വന്‍ നാശനഷ്ടങ്ങളാണ് അവശേഷിപ്പിച്ചത്.




