നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യമാകെ അലയടിച്ച വിദ്യാർത്ഥി-യുവജന പ്രതിഷേധങ്ങൾക്കൊടുവിൽ യുവരോഷത്തിന്റെ ചൂടറിഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുകയാണ്. ആദ്യമായാണ് ഒരു വിവാദത്തെ തുടർന്ന് നരേന്ദ്ര മോദി മന്ത്രിസഭയിലെ ഒരു കേന്ദ്ര മന്ത്രിക്ക് രാജി വെക്കേണ്ടി വരുന്നത്. ഡൽഹിയിലെ ജന്തർ മന്ദർ കേന്ദ്രീകരിച്ച് കോക്ക്‌റോച്ച് ജനതാ പാർട്ടി (CJP) നയിച്ച സമരത്തിന്റെ ചരിത്രപരമായ വിജയമായാണ് ഈ രാജി വിലയിരുത്തപ്പെടുന്നത്. അതിനാൽ തന്നെ ഈ രാജി ബിജെപി സർക്കാരിനും ആർഎസ്എസിനും കനത്ത തിരിച്ചടി കൂടിയാണ്. ഇന്ന് രാവിലെ വരെ പ്രധാൻ ഒരു കാരണവശാലും രാജിവെക്കില്ലെന്ന് കടുപ്പിച്ച് നിന്നിരുന്ന ബിജെപിക്ക് ഒടുവിൽ പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ടുമടക്കേണ്ടതായി തന്നെ വന്നു എന്നതും ചെറിയൊരു കാര്യമല്ല.
ഒഡിഷയിൽ നിന്നുള്ള എം പിയായ പ്രധാൻ ബിജെപിയുടെ സോഷ്യൽ എൻജിനിയറിങ് രാഷ്ട്രീയത്തിൽ നിർണായക പങ്കുവഹിക്കുന്ന നേതാവാണ്. സംഘപരിവാർ രാഷ്ട്രീയത്തിന് അതിപ്രധാനമായ വിദ്യാഭ്യാസ വകുപ്പ് പ്രധാനെ ഏൽപ്പിച്ചത് തെരഞ്ഞുപിടിച്ചാണ്. തന്റെ വിശ്വസ്തനെ കൈവിടേണ്ടി വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ക്ഷീണമാണ്. ബിജെപിയിൽ അയാൾക്കുള്ള സ്വാധീനം ചെറുതല്ല. മോദിയേയും അമിത് ഷായേയും പോലെ തന്നെ അധികാരമുള്ളയാൾ. ബിജെപിക്ക് വേണ്ട പണം ഒഴുക്കാൻ കെൽപ്പുള്ളയാൾ. വാജ്‌പേയി സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്ന ദേബേന്ദ്ര പ്രധാന്റെ മകനാണ് ധർമ്മേന്ദ്ര പ്രധാൻ. ബുദ്ധിയും പണവും ഒഴുക്കി തന്നെയാണ് പ്രധാൻ ഒഡീഷ പിടിച്ചത്. അങ്ങനെ ബിജെപി നേതൃത്വത്തിൻ്റെ വിശ്വസ്തനായി പ്രധാൻ വളർന്നു. അതിനാൽ തന്നെ ഒറ്റയടിക്ക് ബിജെപിക്ക് ഇദ്ദേഹത്തെ കൈവിടാനാകുമായിരുന്നില്ല.
ഇന്ന് നടക്കേണ്ടിയിരുന്ന അടുത്ത ഘട്ട ചർച്ചകൾക്കുള്ള മുൻവ്യവസ്ഥയായി മന്ത്രിയുടെ രാജിയെന്നത് സിജെപി വ്യക്തമാക്കിയിരുന്നു. ഇല്ലെങ്കിൽ നാളെ രാജ്യം മുഴുവൻ തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പ് അക്ഷരാർത്ഥത്തിൽ കേന്ദ്രത്തെ ഭയപ്പെടുത്തി എന്ന് തന്നെ പറയാം. രാജി വെച്ചതിന് ശേഷം, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും ‘സാഹചര്യങ്ങളിൽ നിന്ന് താൻ ഒരിക്കലും ഒളിച്ചോടിയിട്ടില്ലെന്നും’ എന്നാൽ ‘ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികൾ തടസ്സങ്ങൾ സൃഷ്ടിക്കാനും വിദ്യാർത്ഥികളെ വഴിതെറ്റിക്കാനും ശ്രമിച്ചു’ എന്നും പ്രധാൻ പറഞ്ഞു.
നീറ്റ് ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും, പാർലമെന്റ് മാർച്ച് നടത്തിയവർക്കെതിരെ കേസെടുക്കില്ലെന്നും സർക്കാർ ഉറപ്പുനൽകിയിരുന്നെങ്കിലും, വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചുനിൽക്കുകയായിരുന്നു. ഒടുവിൽ മറ്റ് വഴിയില്ലാതെ വന്നതോടെ ഭരണകൂടത്തിന് തലകുനിക്കേണ്ടി വരുകയായിരുന്നു. കർഷക പ്രക്ഷോഭം ഏൽപ്പിച്ചതിനെക്കാൾ കനത്ത പ്രഹരമാണ് ഇപ്പോൾ ബിജെപി സർക്കാരിന് ഏറ്റിരിക്കുന്നത്.
എബിവിപി വഴി പൊതുരംഗത്തു വന്ന പ്രധാൻ ഒഡിഷയിൽ ബിജെപിയുടെ മുഖമാണ്. മുമ്പ് കേന്ദ്ര പെട്രോളിയം മന്ത്രിയായിരുന്നു. മധ്യപ്രദേശിൽ നിന്നും ബിഹാറിൽ നിന്നും രാജ്യസഭയിൽ എത്തിച്ച് ബിജെപി വളർത്തിയ നേതാവാണ്. വിദ്യാഭ്യാസ മന്ത്രിയായ അന്ന് മുതൽ വിവാദങ്ങൾ തന്നെയായിരുന്നു. ദേശീയ മത്സര പരീക്ഷ ചോദ്യപേപ്പർ ചോർച്ചകൾ സർക്കാരിന് തുടർച്ചയായി തലവേദന സൃഷ്ടിച്ചു. പ്രധാനെ സംരക്ഷിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങൾ യുവാക്കളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പൊളിയുകയായിരുന്നു. പ്രധാന്റെ രാജി മോദിയുടെ വീഴ്ച്ചയുടെ തുടക്കം കൂടിയാണെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞത്.
വിദ്യാഭ്യാസ മേഖലയെ അടക്കം സ്വകാര്യവൽക്കരിക്കാൻ വെമ്പുന്ന മോദി സർക്കാർ നയത്തിനേറ്റ പ്രഹരം കൂടിയാണ് ഈ പ്രക്ഷോഭവും രാജിയും. ദേശീയ മത്സര പരീക്ഷകളെ ചൂതാട്ടമാക്കി മാറ്റിയ പരിഷ്കാരങ്ങളും പിന്തിരിപ്പൻ വിദ്യാഭ്യാസ നയവും യുവതയെ വെറുപ്പിച്ചു. പതിയെ അതൊരു ബഹുജന പ്രക്ഷോഭമായി മാറി. ജന്തർ മന്ദറിൽ സമരത്തിൽ അണിചേരാൻ മണിക്കൂറുകൾ വരിനിൽക്കാൻ യുവജനങ്ങൾ സന്നദ്ധരായി. പ്രതിപക്ഷം കാര്യങ്ങൾ ഏറ്റെടുത്തു. രാഹുൽ ഗാന്ധി രണ്ടും കൽപ്പിച്ച് തന്നെ തെരുവിലേക്കിറങ്ങി. പ്രക്ഷോഭകർക്ക് ഭക്ഷണവും മരുന്നും നൽകാൻ ജനങ്ങൾ മുന്നോട്ടുവന്നു. വ്യാപാരികളും മത നേതാക്കളും പിന്തുണ നൽകി. സമരത്തിന് ലഭിച്ച ജനപിന്തുണയ്ക്ക് മുന്നിൽ മോദി സർക്കാർ ഒറ്റപ്പെടുകയായിരുന്നു.




