തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജിൽ മരണപ്പെട്ട ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിൽ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍. പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 28നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്. കണ്ണൂര്‍ ഡെന്റല്‍ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യുക എന്നും ആവശ്യമുണ്ട്. ഏപ്രില്‍ 21 ചൊവാഴ്ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ ഇ കെ നായനാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും.




