മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിൽ വിഷു ആശംസ പോസ്റ്റർ വിവാദമായി. ശ്രീകൃഷ്ണന്റെ ചിത്രത്തിന് മുന്നിൽ മന്തിയും ചിക്കനും വിളമ്പിയ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്. മതസൗഹാർദം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് കോട്ടയ്ക്കൽ പോലീസ് കേസെടുത്തത്. കോട്ടയ്ക്കലിലെ അറേബ്യൻ മജ്‌ലിസ്, റെയ്ദാൻ എന്നീ മന്തിക്കടകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതിന് മുമ്പ് മലപ്പുറം അങ്ങാടിപ്പുറത്തും ആലപ്പുഴ ചേർത്തലയിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങാടിപ്പുറത്ത് ‘യമാമ ഷവായ’ പുറത്തിറക്കിയ പോസ്റ്ററിനെ തുടർന്ന് മങ്കട പോലീസ് കേസെടുത്തു. ഈ സംഭവത്തിൽ സ്ഥാപന ഉടമയെയും രണ്ട് സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരുടെ മൊബൈൽ ഫോണുകളും ടാബും പിടിച്ചെടുത്തു. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചേർത്തലയിലെ മെഹർ മന്തിക്കടക്കെതിരെയും സമാന പോസ്റ്റർ വിവാദത്തിൽ നേരത്തെ കേസ് എടുത്തിരുന്നു. ഏപ്രിൽ 17-ന് കട ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.




