കൊല്ലം: ചാത്തന്നൂർ എംഎൽഎ ബി ബി ഗോപകുമാറിന് ഫോണിലൂടെ വധഭീഷണി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. അജ്ഞാതൻ ഫോൺവിളിയിലൂടെ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തതായി എംഎൽഎ പരാതിയിൽ ആരോപിച്ചു.
സംഭവത്തിൽ ബി ബി ഗോപകുമാർ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. പരാതി ചാത്തന്നൂർ പൊലീസിന് കൈമാറിയതിനെ തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തൊഴിൽ ആവശ്യപ്പെട്ടാണ് അജ്ഞാതൻ ആദ്യം എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ടത്. ജോലി നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഫോൺ വിച്ഛേദിച്ച ഇയാൾ പിന്നീട് വീണ്ടും വിളിച്ച് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്റെ ഫോൺ നമ്പർ ആവശ്യപ്പെട്ടു. എന്നാൽ നമ്പർ നൽകാൻ കഴിയില്ലെന്ന് ഗോപകുമാർ അറിയിച്ചതിന് പിന്നാലെയാണ് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു.
എറണാകുളം സ്വദേശിയുടെ പേരിലുള്ള സിം കാർഡിൽ നിന്നാണ് കോൾ വന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആ സിം കാർഡിന്റെ യഥാർഥ ഉപയോക്താവ് തന്നെയാണോ വിളിച്ചതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.











