കാസർകോട്: ഒരു കോടി രൂപയിലധികം വിലമതിക്കുന്ന പഴയ സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയിൽ നിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുമ്പളയിലെ എസ് ഗോൾഡ് ജ്വല്ലറി ഉടമ മൊഗ്രാൽ റഹ്മത്ത് നഗർ താഹിറ മൻസിലിലെ യൂസഫിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
ഡോ. മുഹമ്മദ് സഹീർ, അബ്ദുല്ല എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പഴയ സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ജ്വല്ലറി ഉടമയെ ഒരു കോടിയിലധികം രൂപ വിലവരുന്ന സ്വർണം കൈവശമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം കൈപ്പറ്റിയതെന്നാണ് പരാതിയിൽ പറയുന്നത്.
2026 മേയ് 17-ന് കാഞ്ഞങ്ങാട് ചിത്താരിയിലെ ഒരു ഹോട്ടലിന് സമീപം വെച്ചാണ് 93 ലക്ഷം രൂപ പ്രതികൾക്ക് കൈമാറിയതെന്ന് പരാതിയിൽ പറയുന്നു. പണം വാങ്ങിയ ശേഷം വാഗ്ദാനം ചെയ്ത സ്വർണം കൈമാറാതെയും പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.
പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.











