കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫിലെ പരീക്ഷകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ന് തീരുമാനിക്കും. ഇറാനെതിരെ അമേരിക്ക- ഇസ്രയേൽ ആക്രമണം തുടരുകയും ഗൾഫ് രാജ്യങ്ങളിൽ ആശങ്ക നിലനിൽക്കുകയും ചെയ്യുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. ആശങ്ക നിലനിൽക്കെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ മാറ്റിവെക്കണമെന്ന് ഗൾഫിലെ കേരളാ പരീക്ഷയുടെ കോർഡിനേറ്റർ കഴിഞ്ഞദിവസം സർക്കാരിന് ശുപാർശനൽകിയിരുന്നു.
മാർച്ച് അഞ്ചിനാണ് പത്താംക്ലാസ് പരീക്ഷ ആരംഭിക്കുന്നത്. അഞ്ചാം തിയതിയിലെ എസ്എസ്എൽസി പരീക്ഷയും അഞ്ച്, ആറ് തിയതികളിലെ ഹയർസെക്കൻഡറി പരീക്ഷകളും മാറ്റിവെക്കാനാണിപ്പോൾ ആലോചിക്കുന്നത്.
ഒൻപത് പരീക്ഷാ സെന്ററുകളാണ് ഗൾഫിലുള്ളത്. കേരളത്തിലും ഗൾഫിലും ഒരേ ചോദ്യപ്പേപ്പർ വെച്ചാണ് പരീക്ഷ നടത്താറുള്ളത്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഗൾഫിൽ പ്രത്യേക പരീക്ഷപ്പേപ്പർ വെച്ച് പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമാകും. യുദ്ധസാഹചര്യം കണക്കിലെടുത്ത് ബഹ്റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകൾ ഞായറാഴ്ച മാറ്റിവെച്ചിരുന്നു.






