ഉത്തര്‍പ്രദേശ്: ലഖ്നൗവിലെ ബ്രഹ്‌മോസ് എയ്റോസ്പേസ് പ്രൊഡക്ഷന്‍ യൂണിറ്റ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. വെര്‍ച്വല്‍ ആയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. പ്രതിവര്‍ഷം 80 മുതല്‍ 100 വരെ മിസൈലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മാണ യുണീറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
300 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഉല്‍പാദന യൂണിറ്റ് 290 മുതല്‍ 400 കിലോമീറ്റര്‍ വരെ ദൂരപരിധിയും 2.8 പരമാവധി വേഗതയുമുള്ള ബ്രഹ്‌മോസ് മിസൈലുകള്‍ നിര്‍മ്മിക്കും. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭമായ ബ്രഹ്‌മോസ് എയ്റോസ്പേസ് വികസിപ്പിച്ചെടുത്ത ഈ മിസൈല്‍ കരയില്‍ നിന്നോ കടലില്‍ നിന്നോ വായുവില്‍ നിന്നോ വിക്ഷേപിക്കാന്‍ കഴിയും. കൂടാതെ ”ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ്” ഗൈഡന്‍സ് സിസ്റ്റം പിന്തുടരുന്ന മിസൈലുകളാണ് ഉല്‍പാദിപ്പിക്കുക.
ഓരോ വര്‍ഷവും 100 മുതല്‍ 150 വരെ ബ്രഹ്‌മോസ് മിസൈലുകള്‍ നിര്‍മ്മിക്കും. അടുത്ത തലമുറ മിസൈലുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തയ്യാറായി വിതരണം ചെയ്യും. സുഖോയ് പോലുള്ള യുദ്ധവിമാനങ്ങള്‍ക്ക് ഒരു ബ്രഹ്‌മോസ് മിസൈല്‍ മാത്രമേ വഹിക്കാന്‍ കഴിയൂ. എന്നാല്‍ ഇനി മുതല്‍ അവയ്ക്ക് മൂന്ന് ബ്രഹ്‌മോസ് മിസൈലുകള്‍ വരെ വഹിക്കാന്‍ കഴിയും. 2,900 കിലോഗ്രാം ഭാരമുള്ള നിലവിലെ ബ്രഹ്‌മോസ് മിസൈലുമായി താരതമ്യപ്പെടുത്തുമ്പോള്‍, അടുത്ത തലമുറ ബ്രഹ്‌മോസ് മിസൈലിന് 300 കിലോമീറ്ററിലധികം പ്രഹരപരിധിയും 1,290 കിലോഗ്രാം ഭാരവുമുണ്ടാകും.
2018 ലെ ആഗോള നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പ്രതിരോധ വ്യാവസായിക ഇടനാഴി സംരംഭത്തിന്റെ ഭാഗമായാണ് ഉല്‍പാദന യൂണിറ്റ് പ്രഖ്യാപിച്ചത്. 2021ലാണ് നിര്‍മാണ യുണീറ്റിന് തറക്കല്ലിട്ടത്. ഇന്ത്യയുടെ ഡിആര്‍ഡിഒയും റഷ്യയുടെ എന്‍പിഒ മഷിനോസ്‌ട്രോയേനിയയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ബ്രഹ്‌മോസ് മിസൈലുകള്‍.






