തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി മരിച്ച ബിസ്മിറിന്റെ കുടുംബം. ആശുപത്രി ജീവനക്കാര്‍ പ്രാഥമിക ചികിത്സ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. കൃത്യവിലോപത്തിനെതിരെ നടപടി ഉണ്ടാകണമെന്നാണ് ഭാര്യ ജാസ്മിന്‍ നല്‍കിയ പരാതിയിലെ ആവശ്യം.
ബിസ്മീര്‍ ഗുരുതരാവസ്ഥയില്‍ എത്തിയിട്ടും ഗ്രില്‍ തുറക്കാന്‍ മിനിറ്റുകള്‍ താമസിച്ചു, മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ സി പി ആര്‍ നല്‍കാത്തതെന്തേ എന്നാണ് ഡോക്ടര്‍മാര്‍ ചോദിച്ചത് എത്തിച്ച ആംബുലന്‍സില്‍ ഓക്‌സിജന്‍ സംവിധാനം ഉണ്ടായിരുന്നില്ല ഭര്‍ത്താവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം ആശുപത്രിയില്‍ നിന്നുള്ള പിഴവ് ആണെന്നും ജാസ്മിന്‍ പരാതിയില്‍ പറയുന്നു.
ജനുവരി 19നാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് കൊല്ലംകോണം സ്വദേശി ബിസ്മീറിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേയാണ് കൊല്ലംകൊണം സ്വദേശി ബിസ്മീര്‍ മരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. ചികിത്സ നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെ നിര്‍ണായ സിസിടിവി ദൃശ്യങ്ങള്‍ കൂടി പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ബിജെപി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.










